മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ജനാധിപത്യ പ്രതിച്ഛായക്ക് രാഹുല്‍ ഗാന്ധി മങ്ങലേല്‍പ്പിച്ചുവെന്നാരോപിച്ചാണ് ഫഡ്‌നാവിസിന്റെ വിമര്‍ശനം.
രാഹുല്‍ ഗാന്ധി വിദേശത്ത് പോയി ഈ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ കുറിച്ച് നുണകള്‍ പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധി ഭരണഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ജനാധിപത്യത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിനാലാണ് ഇത്തരം പ്രവര്‍ത്തികളെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പരാമര്‍ശങ്ങള്‍ നടത്താതെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചാല്‍ ഭരണം വീണ്ടെടുക്കാന്‍ കഴിയുമെന്നും ആരെയും അപകീര്‍ത്തിപ്പെടുത്തി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കേണ്ടി വരില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തന്നെ തെറ്റുകള്‍ ഉണ്ടെന്നും രാഹുല്‍ ഗാന്ധി ബോസ്റ്റണില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെയാണ് രാഹുല്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. തങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ കണക്ക് പ്രകാരം രണ്ട് മണിക്കൂറിനുള്ളില്‍ 65 ലക്ഷം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് അതില്‍ ഉണ്ടായിരുന്നതെന്നും അത് അസംഭവ്യമാണെന്നും രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.
‘മഹാരാഷ്ട്രയിലെ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തു. ഇത് സത്യമാണ്. വൈകുന്നേരം 5:30 ഓടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങള്‍ക്ക് ഒരു കണക്ക് നല്‍കി. അതില്‍ ഏകദേശം 7:30 ഓടെ രണ്ട് മണിക്കൂറിനുള്ളില്‍ 65 ലക്ഷം വോട്ടര്‍മാര്‍ വോട്ട് ചെയ്തു എന്നാണ് ഉണ്ടായിരുന്നത്. അത് അസാധ്യമായ കാര്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് വളരെ വ്യക്തമാണ്, സിസ്റ്റത്തില്‍ എന്തോ കുഴപ്പമുണ്ട്,’ ഇങ്ങനെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
Content Highlight: Rahul Gandhi’s remark that the Election Commission has compromised; Devendra Fadnavis says it is tarnishing India’s democratic image in international forums