Kerala News
മലപ്പുറം പ്രത്യേകം ചിലരുടെ സംസ്ഥാനവും രാജ്യവും, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല; വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 05, 04:32 am
Saturday, 5th April 2025, 10:02 am

ചുങ്കത്തറ: വിവാദ പ്രസംഗവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

vellappally natesan said Malappuram the state and country of some particular people

വെള്ളാപ്പള്ളി നടേശന്‍

ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

മലപ്പുറത്ത് സ്വതന്ത്രമായി വായു ശ്വസിച്ച് സമുദായ അംഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും വെള്ളപ്പാള്ളി നടേശന്‍ പറഞ്ഞു. എന്തിന് സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞ് പോലും ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

‘മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും അതിന്റെ ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ?

മഞ്ചേരി ഉള്ളതുകൊണ്ടും അവിടേയൊരു സ്ഥാപനം ഉള്ളതുകൊണ്ടും നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചു,’ വെള്ളാപ്പള്ളി പറഞ്ഞു.

മഞ്ചേരി എന്‍.എസ്.എസ് കോളേജിനെ മുന്‍നിര്‍ത്തിയാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. മലപ്പുറത്തെ ഈഴവ വിഭാഗവും പിന്നോക്ക വിഭാഗവും വോട്ടുകുത്തി മെഷീനുകളായി മാറിയെന്നും വെള്ളാപ്പള്ളി പ്രസ്താവിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്നെല്ലാം പറഞ്ഞ് പോകുന്നവര്‍ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംസ്ഥാനത്തുടനീളം ഈ പ്രതിസന്ധിയുണ്ടെന്നും മലപ്പുറത്ത് അത് അധികമാണെന്നും എന്‍.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഈഴവര്‍ക്ക് രാഷ്ട്രീയ-വിദ്യാഭ്യാസ നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മലപ്പുറത്തെ പ്രത്യേക രാജ്യമായാണ് ചിലര്‍ കാണുന്നതെന്നും അതിനനുസരിച്ചാണ് അവരുടെ പ്രവര്‍ത്തനങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ന്യൂനപക്ഷം സംഘടിതരായി നിന്ന് ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനത്തെ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു.

Content Highlight: vellappally natesan said Malappuram the state and country of some particular people