Advertisement
national news
സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 23, 01:01 am
Wednesday, 23rd April 2025, 6:31 am

പൂനെ: പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനത്തെത്തുടർന്ന് സ്കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. ഹിന്ദി ഇനി ഒരു ഓപ്ഷണൽ വിഷയമായിരിക്കുമെന്നും മറാത്തിയും ഇംഗ്ലീഷും മുൻഗണനാ ഭാഷകളായിരിക്കുമെന്നും സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ പ്രഖ്യാപിച്ചു.

ഏപ്രിൽ 16 നായിരുന്നു ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള വിവാദ തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ ഈ വ്യവസ്ഥ സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി ഫ്രെയിംവർക്-2024 ൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ ശിവസേന (യു.ബി.ടി), മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്), ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തെ ശക്തമായി എതിർത്തു. അവർ സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ചു.

സർക്കാർ ഉത്തരവിൽ നിന്ന് ‘നിർബന്ധം’ എന്ന പദം നീക്കം ചെയ്യുമെന്നും ഹിന്ദി ഒരു ഓപ്ഷണൽ വിഷയമായി നൽകുമെന്നും ഭൂസെ വ്യക്തമാക്കി. ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മറാത്തിക്കും ഇംഗ്ലീഷിനും ഒപ്പം ഇത് പഠിക്കാം. പരിഷ്കരിച്ച ഭാഷാ നയം വിശദീകരിക്കുന്ന ഒരു പുതിയ സർക്കാർ പ്രമേയം ഉടൻ പുറപ്പെടുവിക്കും.

നേരത്തെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഈ നയത്തെ ന്യായീകരിച്ച് പ്രസ്താവന ഇറക്കിയിരുന്നു. ഈ നയം മറാത്തിയുടെ പ്രാധാന്യം കുറയ്ക്കുന്നില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.

പക്ഷേ ലക്ഷ്മികാന്ത് ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള ഭാഷാ കൺസൾട്ടേഷൻ കമ്മിറ്റി ഭാഷാ അടിച്ചേൽപ്പിക്കലിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി തീരുമാനത്തെ എതിർത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ കോൺഗ്രസ് നേതാവ് വിജയ് വഡെറ്റിവാർ സ്വാഗതം ചെയ്തു. മറാത്തിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ ഹിന്ദി ഓപ്‌ഷണൽ ആയി മാത്രമേ ഉപയോഗിക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു.

2025-26 അധ്യയന വർഷം മുതൽ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 നടപ്പിലാക്കുന്നതിനുള്ള വിശദമായ പദ്ധതി മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. മറാത്തി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിക്കുന്ന ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയായി ഉൾപ്പെടുത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യം.

 

Content Highlight: Maharashtra rolls back order making Hindi compulsory third language in schools