national news
വഖഫ് ബിൽ അംഗീകരിക്കാത്തവർ രാജ്യദ്രോഹികൾ, അവരെ ജയിലിലടയ്ക്കും: ബീഹാർ ഉപമുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 05, 03:59 am
Saturday, 5th April 2025, 9:29 am

പാട്ന: വഖഫ് (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുമെന്ന് ബീഹാർ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ വിജയ് കുമാർ സിൻഹ.

രണ്ട് സഭകളിലും പാസാക്കിയ ബിൽ ആണെന്നും ബില്ലിനെ അംഗീകരിക്കാത്തവരെ ജയിലിലടക്കണമെന്നുമാണ് സിൻഹയുടെ ആവശ്യം.

‘വഖഫ് ഭേദഗതി പാലിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നവർ ജയിലിൽ പോകേണ്ടിവരും. ഇത് പാകിസ്ഥാനല്ല, ഇത് ഹിന്ദുസ്ഥാനാണ്. ഇത് നരേന്ദ്ര മോദി സർക്കാരാണ്. പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ കൃത്യമായി പാസാക്കിയതാണ്. ഇപ്പോഴും അത് അംഗീകരിക്കില്ലെന്ന് പറയുന്നവർ രാജ്യദ്രോഹികളാണ്. ഇത്തരക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം,’ സിൻഹ പറഞ്ഞു.

അതേസമയം, ബില്ലിനെ വിമർശിച്ച് ജെ.ഡി.യു എം.എൽ.സി ഗുലാം ഗൗസ് എത്തിയിരുന്നു. കൊലയാളി ആരാണോ അയാൾ തന്നെയാണ് ജഡ്ജിയും, നമ്മൾ ആരെയാണ് നീതിക്കായി സമീപിക്കേണ്ടതെന്ന് അദ്ദേഹം വിമർശിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിലെ മൂന്നാമത്തെ വലിയ ഘടകകക്ഷിയായ ജെ.ഡി.യു ബില്ലിനെ പിന്തുണച്ചിട്ടുണ്ട്.

ബി.ജെ.പി മുസ്‌ലിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ശരിക്കും ചിന്തിക്കുന്നുണ്ടെങ്കിൽ, ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെയും ജസ്റ്റിസ് ആർ. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും ശുപാർശകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നും ഗൗസ് വിമർശിച്ചു.

മറ്റൊരു ജെ.ഡി.യു നേതാവും മുൻ എം.പിയുമായ ഗുലാം റസൂൽ ബലിയാവിയും ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതേസമയം ബില്ലിനെ പിന്തുണച്ചതിൽ വിമർശിച്ച് കിഴക്കൻ ചമ്പാരനിൽ നിന്നുള്ള ഒരു ജില്ലാ നേതാവായ മുഹമ്മദ് കാസിം അൻസാരി ജെ.ഡി.യു വിട്ടു.

വഖഫ് ബില്ലിനെ പിന്തുണച്ചതോടെ പാർട്ടിയിൽ നിതീഷ് കുമാറിനെതിരെയും വിമർശങ്ങൾ ഉയരുന്നുണ്ട്. നിതീഷ് കുമാറിനെ ഈ അവസരത്തിൽ വിശ്വസിക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും പാർട്ടിക്കുള്ളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

‘പാർട്ടി ബില്ലിന് പിന്തുണ നൽകുന്ന കാര്യത്തിൽ നിതീഷ് കുമാറിനെ പൂർണമായി വിശ്വാസത്തിലെടുക്കാമോ എന്ന് എനിക്ക് ഉറപ്പില്ല. ഞങ്ങളുടെ അറിവനുസരിച്ച്, പാർട്ടി പിന്തുണ നൽകുന്നതിനുമുമ്പ് ബില്ലിലെ വിവാദ ഭാഗങ്ങൾ പരിഹരിക്കണമെന്ന് നിതീഷ് കുമാർ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് സംഭവിച്ചില്ല,’ ജെ.ഡി.യുവിന്റെ പേരുവെളിപ്പെടുത്താത്ത ഒരു മുതിർന്ന മുസ്‌ലിം നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

 

Content Highlight: Those who won’t accept Waqf Bill are traitors, will be jailed: Bihar Deputy Chief Minister