മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ (1982) എന്ന തമിഴ് സിനിമയിലൂടെ ബാലതാരമായാണ് മീന തന്റെ കരിയര്‍ ആരംഭിച്ചത്. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ (1984) എന്ന ചിത്രത്തിലൂടെയാണ് മീന മലയാളത്തില്‍ എത്തുന്നത്.
2016ല്‍ മീനയുടെ മകള്‍ നൈനികയും ബാലതാരമായി സിനിമയില്‍ എത്തിയിരുന്നു. അറ്റ്‌ലിയുടെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ തെരി എന്ന സിനിമയിലായിരുന്നു നൈനിക ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ വിജയ്‌യുടെ മകളായാണ് വേഷമിട്ടത്.
ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ നൈനിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അറ്റ്‌ലി തെരിയുടെ കഥ പറയാന്‍ വന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് മീന.
‘എനിക്ക് പെട്ടെന്ന് ഒരു ദിവസം ധനു സാറിന്റെ (എസ്. ധനു) ഓഫീസില്‍ നിന്ന് കോള്‍ വന്നു. ‘സംവിധായകന്‍ അറ്റ്‌ലിക്ക് നിങ്ങളെ കാണണമെന്ന് പറഞ്ഞു’ എന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞത്.
ഞാന്‍ അപ്പോള്‍ എന്നെ കാണാന്‍ വേണ്ടിയാകുമെന്ന് കരുതി. എന്നോട് കഥ പറയാന്‍ വരുന്നതാകുമെന്നും ഞാന്‍ കരുതി. നോര്‍മലി അങ്ങനെയാണല്ലോ. ‘ഓക്കേ. അദ്ദേഹത്തെ കാണാം, വരാന്‍ പറഞ്ഞോളൂ’വെന്ന് ഞാന്‍ അവര്‍ക്ക് മറുപടി കൊടുത്തു.
അങ്ങനെ അപ്പോയ്‌മെന്റ് കൊടുത്ത് അതിനുള്ള സമയം ഫിക്‌സ് ചെയ്തു. പക്ഷെ അറ്റ്‌ലി വന്നപ്പോള്‍ എന്നോട് എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന സംശയത്തിലായി.
വിജയ് സാര്‍ പൊലീസ് ഇന്‍സ്‌പെക്ടറായി വരുന്ന സിനിമയാണെന്ന് പറഞ്ഞു. അദ്ദേഹത്തിന് ഒരു കുട്ടിയുണ്ടെന്നും ആ കുട്ടിയെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നതെന്നും അറ്റ്‌ലി പറഞ്ഞു തന്നു.
അപ്പോള്‍ ഞാന്‍ ആലോചിച്ചത് ‘കുട്ടിയോ? ഞാന്‍ എങ്ങനെ വിജയ് സാറിന്റെ കുട്ടിയായി അഭിനയിക്കും’ എന്നായിരുന്നു (ചിരി). അറ്റ്‌ലി എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലായില്ല. അവസാനം ഞാന്‍ എനിക്ക് നിങ്ങള്‍ പറയുന്നത് മനസിലാകുന്നില്ലെന്ന് പറഞ്ഞു.
‘മാഡം, നിങ്ങള്‍ക്ക് ഒരു മകളുണ്ടെന്ന് കേട്ടു’ എന്നായിരുന്നു അറ്റ്‌ലി മറുപടി നല്‍കിയത്. അപ്പോഴാണ് എനിക്കും കാര്യം മനസിലായത്. എന്റെ മകള്‍ക്ക് വേണ്ടിയാണോ നിങ്ങള്‍ വന്നതെന്ന് ഞാന്‍ ചോദിച്ചു (ചിരി). എനിക്ക് ആകെ നാണകേട് തോന്നി,’ മീന പറയുന്നു.
Content Highlight: Meena shares her experience of Atlee coming to meet her to narrate the story of Vijay’s Theri movie