വോട്ടിംങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സുപ്രീംകോടതിയും; വിശ്വാസ്യത തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
India
വോട്ടിംങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സുപ്രീംകോടതിയും; വിശ്വാസ്യത തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2017, 6:05 pm

 

ന്യൂദല്‍ഹി: വോട്ടിംങ് യന്ത്രത്തിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും തെളിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. യന്ത്രത്തിന്റെ കാര്യക്ഷമത ചോദ്യം ചെയ്ത് കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി ഇതു സംബന്ധിച്ച് വിശദീകരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.


Also read നിങ്ങള്‍ക്ക് എന്നെ കൊല്ലാം അതുമല്ലെങ്കില്‍ ബലാത്സംഗം ചെയ്തുകളയും എന്ന് ഭീഷണിപ്പെടുത്താം; എന്റെ നഗ്‌നതയെ എനിക്ക് ഭയമില്ല; സദാചാരക്കൂട്ടത്തിനെതിരെ ചിന്‍സി ചന്ദ്ര 


നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച നോട്ടീസില്‍ പറയുന്നത്. വോട്ടീംങ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ഗുണനിലവാരം, ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ വിശദീകരണം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച കോടതി വിശ്യസ്യത ഉറപ്പ വരുത്തേണ്ടതുണ്ടെന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് കമ്മീഷന് നോട്ടീസ് അയച്ചിരിക്കുന്നത്.

ബി.എസ്.പി അധ്യക്ഷ മായാവതിയായിരുന്നു യു.പി ഇലക്ഷന്‍ ഫലം പുറത്ത് വന്നയുടന്‍ വോട്ടിംങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ചിരുന്നത്. പിന്നീട് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ യാദവ് എന്നിവരും വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു

യു.പിയിലും പഞ്ചാബിലും പാര്‍ട്ടികള്‍ക്ക് കൃത്യമായ വോട്ടുകള്‍ ലഭിച്ചില്ല എന്ന ആക്ഷേപത്തെത്തുടര്‍ന്നായിരുന്നു നേതാക്കളുടെ പരാതി. വോട്ടര്‍മാര്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്ന തരത്തില്‍ യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു മായാവതി ആരോപിച്ചത്.

എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളയുകയായിരുന്നു. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ പലതവണ അവസരം നല്‍കിയിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നായിരുന്നു കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്.