ഹൈവേകള്‍ തടഞ്ഞ് കര്‍ഷകര്‍ നഗരത്തെ ശ്വാസം മുട്ടിച്ചെന്നാണ് കോടതിയുടെ വിമര്‍ശനം.
കര്‍ഷകരുടെ സംഘടനയായ കിസാന്‍ മഹാപഞ്ചായത്ത് ജന്തര്‍ മന്ദറില്‍ ‘സത്യാഗ്രഹം’ നടത്താന്‍ സുപ്രീം കോടതിയില്‍ നിന്ന് അനുമതി തേടിയിരുന്നു. സമാധാനപരമായി ‘സത്യാഗ്രഹം’ സംഘടിപ്പിക്കുന്നതിന് ജന്തര്‍ മന്ദറില്‍ കുറഞ്ഞത് 200 കര്‍ഷകര്‍ക്ക് ഇടം നല്‍കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.
” നിങ്ങള്‍ മുഴുവന്‍ നഗരത്തെയും ശ്വാസം മുട്ടിച്ചു, ഇപ്പോള്‍ നിങ്ങള്‍ക്ക് നഗരത്തിനകത്തേക്ക് പ്രവേശിക്കണം. സമീപവാസികള്‍ ഈ പ്രതിഷേധത്തില്‍ സന്തുഷ്ടരാണോ? നിങ്ങള്‍ ഈ ഏര്‍പ്പാട് നിര്‍ത്തണം,”
ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കറും സി.ടി. രവികുമാറും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
കര്‍ഷകര്‍ ഹൈവേകള്‍ തടസപ്പെടുത്തുകയാണെന്നും എന്നിട്ട് പ്രതിഷേധം സമാധാനപരമാണെന്ന് പറയുകയാണെന്നും കോടതി പറഞ്ഞു. ജനങ്ങള്‍ക്കും സഞ്ചരിക്കാന്‍ അവകാശമുണ്ടെന്നും അവരുടെ വസ്തുക്കള്‍ക്ക് കേടുപാടുവരുന്നുണ്ടെന്നും കര്‍ഷകര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ജൂലായില്‍ ചില കര്‍ഷക സംഘടനകള്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തിയിരുന്നു. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം നടക്കുമ്പോഴായിരുന്നു പ്രതിഷേധം.
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷക്കാലമായി കര്‍ഷകര്‍ സമരം നടത്തുന്നു.