ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ കേസില്‍ മുനവ്വര്‍ ഫാറൂഖിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
national news
ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ കേസില്‍ മുനവ്വര്‍ ഫാറൂഖിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th April 2023, 3:44 pm

ന്യൂദല്‍ഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുനവ്വറിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളെല്ലാം തന്നെ മധ്യപ്രദേശ് ഹൈക്കോടതിയുടെ പരിധിയിലേക്ക് മാറ്റാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുനവ്വര്‍ ഫാറൂഖി സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ട ജസ്റ്റിസ് ബി.ആര്‍. ഗവായ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

കൂട്ടത്തില്‍ മുനവ്വറിനെതിരെ ദല്‍ഹി പൊലീസ് ചുമത്തിയ വാറന്റുകള്‍ക്ക് മേല്‍ മൂന്നാഴ്ച്ചത്തെ ഇളവ് നല്‍കണമെന്നും കോടതി വിധി ന്യായത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2021ല്‍ മധ്യപ്രദേശില കോഫി ഷോപ്പില്‍ നടത്തിയ കോമഡി പ്രോഗ്രാമിനിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര മന്ത്രി അമിത് ഷായെയും വിമര്‍ശിച്ചതിനാണ് മുനവ്വര്‍ ഫാറൂഖിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഇന്‍ഡോറിലെ ബി.ജെ.പി എം.എല്‍.എയായ മാലിനി ലക്ഷമണ്‍ സിങ്ങിന്റെ മകന്‍ ഏകലവ്യ സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുനവ്വറിനോടൊപ്പം നാല് സഹപ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

കേസില്‍ മുനവ്വര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുനവ്വര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി 2021 ഫെബ്രുവരി 5ന് കേസില്‍ താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ച് ഉത്തരവിടുകായിരുന്നു.

മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ ഐ.പി.സി 295-എ പ്രകാരമാണ് മുനവ്വറിനെതിരെ കേസെടുത്തിരുന്നത്. ഇതുകൂടാതെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ മുനവ്വറിനെതിരെ മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളെല്ലാം തന്നെ ഇനി മുതല്‍ ഇന്‍ഡോര്‍ ഹൈക്കോടിതിയുടെ പരിധിയില്‍ മാത്രം വാദം പരിഗണിക്കാനാണ് സുപ്രീം കോടതി ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Content Highlight: supreme court granted bail to munavvar farrooqi