Advertisement
national news
കുക്കി വിഭാഗത്തിന് സുരക്ഷ നല്‍കാന്‍ സൈന്യത്തോട് നിര്‍ദേശിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 11, 06:25 pm
Tuesday, 11th July 2023, 11:55 pm

ന്യൂദല്‍ഹി: മണിപ്പൂരിലെ കുക്കി സമുദായക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ സൈന്യത്തോട് നിര്‍ദേശിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പൂര്‍ ട്രൈബല്‍ ഫോറത്തിന്റെ ആവശ്യം തള്ളിയത്.

കഴിഞ്ഞ 72 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും സൈന്യത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സംഘര്‍ഷം രൂക്ഷമാക്കുന്നതും വിദ്വേഷം വര്‍ധിപ്പിക്കുന്നതുമായ ഒരു നടപടിയും സ്വീകരിക്കരുതെന്ന് മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.

മണിപ്പൂരിന്റെ ക്രമസമാധാന ചുമതല ഏറ്റെടുക്കാന്‍ കോടതിക്ക് ആകില്ലെന്നും ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സര്‍ക്കാരിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്നലെയും വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

സുരക്ഷയില്‍ എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കോടതിയിക്ക് ഇടപെടാനാകും. നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാന്‍ സുപ്രീം കോടതിയെ വേദിയാക്കരുതെന്നും ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.

അതേ സമയം, മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിന് എതിരെ ആരോപണം ഉന്നയിച്ച സി.പി.ഐ. നേതാവ് ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണെന്ന് ആരോപിച്ചതിനാണ് കേസ്.

ഇംഫാല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തത് കൊണ്ട് പ്രസ്താവനകളില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന് ആനി രാജ പ്രതികരിച്ചു. ആനി രാജയ്ക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തു.

രാജ്യദ്രോഹ കേസിന് എതിരെ ദീക്ഷ സുപ്രീം കോടതിയെ സമീപിച്ചു. ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു.

Content Highlights: supreme court denies protection for kuki group in manipur