തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിവരണമെങ്കില്‍ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയണം. നെറ്റിയില്‍ തിലകക്കുറി ചാര്‍ത്തുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തിയാല്‍ തിരിച്ചടിയാകും. അത് മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും ആന്റണി അഭിപ്രായപ്പെട്ടു.
മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാനുള്ള സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ ഹിന്ദുക്കള്‍ക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആന്റണി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ 138ാം സ്ഥാപകവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കും. ഭാരതത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കപ്പെടും.
മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പയറ്റുന്നത്.
പൗരന്റെ മൗലിക അവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ബി.ജെ.പി ഇല്ലായ്മ ചെയ്യുകയാണ്. ഭാഷയുടെയും വര്‍ഗത്തിന്റെയും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളെയും നാനാത്വത്തെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെ. മുരളീധരന്‍ എം.പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ആന്റണിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നേതാക്കള്‍ ചേര്‍ന്ന് കേക്ക് മുറിച്ച് അദ്ദേഹത്തിന് ആശംസകളും നേര്‍ന്നു.