ഇന്ത്യക്ക് അഭിമാനിക്കാം; ചരിത്രനേട്ടത്തിൽ ലോകരാജ്യങ്ങള്‍ക്കൊപ്പം ഇനി സണ്‍റൈസേഴ്സ് ഹൈദരാബാദും
Cricket
ഇന്ത്യക്ക് അഭിമാനിക്കാം; ചരിത്രനേട്ടത്തിൽ ലോകരാജ്യങ്ങള്‍ക്കൊപ്പം ഇനി സണ്‍റൈസേഴ്സ് ഹൈദരാബാദും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th March 2024, 10:14 am

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിന് പരാജയപ്പെടുത്തികൊണ്ടായിരുന്നു ഓറഞ്ച് ആര്‍മി ജയിച്ചു കയറിയത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ടീമെന്ന നേട്ടമാണ് ഓറഞ്ച് ആര്‍മി സ്വന്തമാക്കിയത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം, സ്‌കോര്‍, എതിരാളികള്‍ എന്നീ ക്രമത്തില്‍

നേപ്പാള്‍-314/3- മംഗോളിയ

അഫ്ഗാനിസ്ഥാന്‍-278/3- അയര്‍ലാന്‍ഡ്

ചെക്ക് റിപ്പബ്ലിക്-278/4-തുര്‍ക്കി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-277/3- മുംബൈ ഇന്ത്യന്‍സ്

ഹൈദരാബാദ് ബാറ്റിങ്ങില്‍ ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ പുറത്താവാതെ 80 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. നാല് ഫോറുകളും ഏഴ് സിക്സുകളുമാണ് ക്ലാസന്‍ നേടിയത്. 235.29 റൈറ്റില്‍ ആയിരുന്നു താരം ബാറ്റ് ചെയ്തത്.

ക്ളാസന് പുറമെ അഭിഷേക് ശര്‍മ മൂന്ന് ഫോറുകളും ഏഴ് സിക്സുകളും പായിച്ചുകൊണ്ട് 23 പന്തില്‍ 63 റണ്‍സും നേടി. ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ് ഒമ്പത് ഫോറുകളും മൂന്ന് സിക്‌സും ഉള്‍പ്പെടെ 24 പന്തില്‍ 62 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ ഹൈദരാബാദ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

മുംബൈ 34 പന്തില്‍ 64 റണ്‍സ് നേടി തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്തിയെങ്കിലും മുംബൈയുടെ പോരാട്ടം 246 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Content Highlight: Sunrisers Hyderabad Create a new record in T20 cricket