Advertisement
national news
ജമ്മു കശ്മീരിലെ ഭീകരാക്രമണം; ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടില്ല: പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 03:34 pm
Tuesday, 22nd April 2025, 9:04 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദയാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും വ്യക്തമാക്കി. നിലവില്‍ സൗദി അറേബ്യയിലായ പ്രധാനമന്ത്രി എക്‌സ് വഴിയാണ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും.

ഈ ക്രൂരകൃത്യത്തിന് പിന്നിലുള്ളവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരും. അവരെ വെറുതെ വിടില്ല. അവരുടെ അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്. അത് കൂടുതല്‍ ശക്തമാക്കും,’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ ചിന്തകളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരെ വെറുതെ വിടില്ലെന്നും കുറ്റവാളികള്‍ക്ക് അവരുടെ പ്രവര്‍ത്തികള്‍ക്കുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി അമിത് ഷായുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെട്ടിരുന്നു. ശേഷം വിവിധ ഏന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താന്‍ ആഭ്യന്തര മന്ത്രി ശ്രീനഗറിലേക്ക് പുറപ്പെട്ടിരുന്നു.

ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് 2:30 ഓടെയാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണമുണ്ടാവുന്നത്. ആക്രമണത്തില്‍ 25ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൊല്ലപ്പെട്ടവരില്‍ കര്‍ണാടക സ്വദേശിയായ മഞ്ജുനാഥ് റാവുവും ഉള്‍പ്പെട്ടിട്ടുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആക്രമണ സമയത്ത് മലയാളികളും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സുരക്ഷിതരാണ്.

നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. സംഭവത്തിന്റെ ചില വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Content Highlight: Terror attack in Jammu and Kashmir; Those who committed this heinous act will not be spared: Prime Minister Narendra Modi