Advertisement
2025 IPL
27 കോടിയുടെ ആന മുട്ട; ലഖ്‌നൗവിന്റെ പടുവാഴ അഞ്ചാം തവണയും സിംഗിള്‍ ഡിജിറ്റില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 22, 04:04 pm
Tuesday, 22nd April 2025, 9:34 pm

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നിലവില്‍ ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ എല്‍.എസ്.ജിക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടാന്‍ സാധിച്ചത്. ടീം സ്‌കോര്‍ 87 നില്‍ക്കവേയാണ് ലഖ്‌നൗവിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 33 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമിനെയാണ് എല്‍.എസ്.ജിക്ക് ആദ്യം നഷ്ടപ്പെട്ടത്. ദുഷ്മന്ത ചമീരയുടെ പന്തില്‍ ട്രിസ്റ്റ്ന്‍ സ്റ്റബ്‌സിന്റെ കൈയില്‍ ആവുകയായിരുന്നു മാര്‍ക്രം.

മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് ആണ് നേടിയത്. നിക്കോളാസ് പൂരന് അഞ്ച് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികള്‍ അടക്കം ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അബ്ദുല്‍ സമദ് രണ്ട് റണ്‍സിനും പുറത്തായി. അവസാന ഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ആയുഷ് ബധോണിയാണ്.

ഇംപാക്ട് പ്ലെയറായി ഇറങ്ങിയ താരം 21 പന്തില്‍ നിന്ന് 6 ഫോര്‍ ഉള്‍പ്പെടെ 36 റണ്‍സ് ആണ് അടിച്ചെടുത്തത്. അവസാന ഓവറില്‍ ആദ്യ മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. അവസാന ഓവറിന് എത്തിയ മുകേഷ് കുമാറിനാണ് താരത്തിന്റെ വിക്കറ്റ്.

എന്നാല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയത് ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ റിഷബ് പന്താണ്. 15 പന്തില്‍ 14 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ തപ്പിക്കളിക്കുമ്പോള്‍ നിര്‍ണായകഘട്ടത്തില്‍ നേരത്തെ ഇറങ്ങാതെ അവസാന ഓവറില്‍ ഇറങ്ങിയ താരം രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് പുറത്തായത്. മുകേഷ് കുമാറിന്റെ പന്തില്‍ ബൗള്‍ ആയാണ് താരം പുറത്തായത്.

ഈ സീസണില്‍ പന്തിന്റെ അഞ്ചാം സിംഗിള്‍ ഡിജിറ്റ് സ്‌കോറാണിത്. ഒരു അര്‍ധ സെഞ്ച്വറിയൊഴിച്ചാല്‍ റിഷബ് പന്തിന് ഈ സീസണില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അര്‍ധ സെഞ്ച്വറിയാകട്ടെ മികച്ച സ്‌ട്രൈക്ക് റേറ്റിലുള്ളതുമായിരുന്നില്ല.

0 (6), 15 (15), 2, (5), 2 (6), 21 (18), 63 (49), 3 (9), 0 (2) എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. ഇതുവരെ 110 പന്ത് നേരിട്ട താരം 106 റണ്‍സാണ് നേടിയത്. മോശം ശരാശരിയും സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഡേവിഡ് മില്ലര്‍, ശര്‍ദുല്‍ താക്കൂര്‍, ദിഗ്‌വേഷ് സിങ് റാത്തി, രവി ബിഷ്‌ണോയ്, അവേഷ് ഖാന്‍, പ്രിന്‍സ് യാദവ്

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

അഭിഷേക് പോരെല്‍, കരുണ് നായര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാര്‍

Content Highlight: IPL 2025: LSG VS DC: Rishabh Pant In Poor Performance In 2025 IPL