Advertisement
national news
സണ്ണി ഡിയോള്‍ ആം ആദ്മി പാര്‍ട്ടി എം.പി ഭഗവത് മന്നിനെ കണ്ടു പഠിക്കണമെന്ന് ധര്‍മേന്ദ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 04, 11:27 am
Thursday, 4th July 2019, 4:57 pm

ന്യൂദല്‍ഹി: എം.പി എന്ന നിലയില്‍ തന്റെ മകന്‍ സണ്ണി ഡിയോള്‍ ആംആദ്മി പാര്‍ട്ടി എം.പിയായ ഭഗവത് മന്നിനെ കണ്ടു പഠിക്കണമെന്ന് നടനും മുന്‍ എം.പിയുമായ ധര്‍മേന്ദ്ര. രാജ്യത്തെ സേവിക്കാന്‍ വളരെയധികം ത്യാഗങ്ങള്‍ സഹിക്കുന്നയാളാണ് ഭഗവത്. തന്റെ മകനെ പോലെയാണ് ഭഗവത് മന്നിനെയും താന്‍ കാണുന്നതെന്നും ധര്‍മേന്ദ്ര ട്വീറ്റ് ചെയ്തു.

ബി.ജെ.പി ടിക്കറ്റില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്ന് വിജയിച്ച സണ്ണി ഡിയോള്‍ എം.പിയെന്ന ചുമതല നിര്‍വഹിക്കാന്‍ പ്രതിനിധിയെ വെച്ചത് വിവാദമായിരിക്കെയാണ് ധര്‍മേന്ദ്രയുടെ മകനുള്ള ഉപദേശം.

ഭഗവത് മന്‍ സംഗ്രൂരില്‍ നിന്നുള്ള എ.എ.പി എം.പിയാണ്. ധര്‍മേന്ദ്രയും രാജസ്ഥാനില്‍ നിന്ന് ബി.ജെ.പിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയിട്ടുണ്ട്.

തന്റെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഗുര്‍പ്രീത് സിങ് പല്‍ഹേരി എന്ന മൊഹാലി സ്വദേശിയെയാണ് സണ്ണി ഡിയോള്‍ ചുമതലയേല്‍പ്പിച്ചിരിരുന്നത്.

സണ്ണി ഡിയോളിന്റെ നടപടി ഗുരുദാസ്പൂരിലെ ജനങ്ങളെ വഞ്ചിക്കലാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എങ്ങനെയാണ് എം.പി പകരം ആളെ വെക്കുകയെന്നും സണ്ണിഡിയോളിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നും കോണ്‍ഗ്രസ് ചോദിച്ചിരുന്നു.

എന്നാല്‍ വിവാദം ദൗര്‍ഭാഗ്യകരമാണെന്നും താന്‍ മണ്ഡലത്തിലെ ജോലികള്‍ കൃത്യമായി നടക്കാനായി പി.എ യെ ആണ് നിയമിച്ചത്. തന്റെ അസാന്നിധ്യത്തിലും ജോലികള്‍ നടക്കാനായാണ് ഇതെന്നും സണ്ണി ഡിയോള്‍ പ്രതികരിച്ചിരുന്നു.