ഏതെങ്കിലും വിധത്തിലുള്ള മാനസിക സമ്മര്‍ദ്ദം മൂലം രാത്രി ഉറക്കം വരാതിരിക്കുമ്പോഴോ..സ്‌ട്രെസ്സോ സംഗതികളോ വന്ന്,ഉറക്കം നഷ്ടപ്പെടുമ്പോഴോ Malayalam 90s Comedy Movies എന്ന് യൂട്യൂബില്‍ ചെന്ന് ചുമ്മാതങ്ങ് ടൈപ്പ് ചെയ്ത് നോക്കണം
അവിടെ മലയാളി ഇടക്കെപ്പോഴോ ഉപയോഗിക്കാന്‍ മറന്നുപോയ ഒരു നടന്റെ മുഖം കാണാം. ഉണ്ടക്കണ്ണും ചമ്മി നാശമായ അയാളുടെ മുഖം വച്ചലങ്കരിച്ചതുമായ സിനിമകളുടെ Thumbnails കാണാം. ഒന്നല്ല..ഒരുപാട് എണ്ണം. അതില്‍ നിന്നൊരെണ്ണമെടുത്ത് ചുമ്മാതങ്ങിരുന്നു കാണണം
ആഹാ, സമയം പോകുന്ന വഴി അറിയില്ല.
ജഗദീഷ് എന്ന നടന്‍ മൂന്ന് പതിറ്റാണ്ടിനിപ്പുറവും നമുക്ക് പ്രിയപ്പെട്ടവനാകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്. ഇതെന്റെ മാത്രം അനുഭവമല്ല, എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്..Stress Releifന് ഈ മനുഷ്യന്റെ സിനിമകള്‍ ആശ്വാസദായിയാണെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരില്‍ ഒരാളാണ് ഞാനും.
കഥയെന്ന് പറയാന്‍ മാത്രം കാര്യമായൊന്നും കാണില്ല..തൊഴില്‍രഹിതനായ ഒരു ചെറുപ്പക്കാരന്‍..പ്രാരാബ്ദം അയാളുടെ കൂടപ്പിറപ്പാവും..ടിയാന്‍ തനിച്ചായിരിക്കില്ല,കൂട്ടാളികള്‍ വേറെയുമുണ്ടാകും. കൂട്ടാളികള്‍ എന്ന് പറഞ്ഞാല്‍ കൂട്ടത്തിലെ കൊലകൊമ്പന്‍ സിദ്ധിഖ് ആയിരിക്കും. കിങ്കരന്മാരായി ഇടക്കൊക്കെ ബൈജു,സൈനുദീന്‍മാരും മാറി മാറി വരും. ജീവിതം അത്യാവശ്യം കുഴപ്പമില്ലാതെ കടന്നുപോവുമ്പോഴായിരിക്കും അപ്രതീക്ഷിതമായി ഏതെങ്കിലും പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതും അവളുമായുള്ള റൊമാന്‍സിലേക്ക് ജീവിതം പറിച്ചു നടുന്നതും. ഇതിനിടയില്‍ സമാന്തരമായി ഏതെങ്കിലും ഏടാകൂടത്തിലും പോയി തലയിട്ടിട്ടുണ്ടാകും. പ്രശ്‌നങ്ങള്‍ അവിടെ നിന്ന് ആരംഭിക്കുകയായി.
പിന്നെ അതില്‍ നിന്ന് ഒഴിവാകാനുള്ള ശ്രമങ്ങള്‍, ഇതിനിടെ പുട്ടിന് പീര പോലെ അടിക്ക് അടി ഇടിക്ക് ഇടി. ഒടുക്കം ഗോഡൗണിലോ ആളൊഴിഞ്ഞ പറമ്പിലോ വച്ച് ക്ലൈമാക്‌സിലൊരു കൂട്ടത്തല്ല്. പ്രശ്‌നങ്ങളെല്ലാം കലങ്ങിത്തെളിഞ്ഞ് ശുഭപര്യവസായിയായി തീരുന്നൊരു കഥാന്ത്യവും. ശുഭം. നേരം പോകുന്ന വഴി അറിയില്ല.
മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി തീയറ്ററില്‍ പ്രകമ്പനം കൊള്ളിക്കുമ്പോഴാണ് ജഗദീഷിനെ മുന്‍നിര്‍ത്തി വിജയഫോര്‍മുലയായി 90 കളില്‍ ഇത്തരം ശ്രേണിയിലുള്ള സിനിമകള്‍ തുടര്‍ച്ചയായി ഉടലെടുത്തത്. കൂട്ടാളിയായി കൂടെ സിദ്ധിക്കും നിര്‍ബന്ധം. ബഡ്ജറ്റ് താരതമ്യേന കുറവായത് കൊണ്ട് തന്നെ ഈയൊരു ഫോര്‍മാറ്റില്‍ ഇറങ്ങിയ ഭൂരിഭാഗം സിനിമകളും അക്കാലത്ത് നിര്‍മാതാക്കളുടെ കൈ പൊള്ളിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
നായികമാരായി സുചിത്രയും ചാര്‍മിളയും സുനിതയും ഉര്‍വശിയും മാറി മാറി വന്നു. സംവിധായകരായി വിജി തമ്പിയും തുളസീദാസും പി.ജി.വിശ്വംഭരനും വന്നു. തിരക്കഥാകൃത്തുക്കളായി കലൂര്‍ ഡെന്നീസും ശശിധരന്‍ ആറാട്ടുവഴിയും ജെ.പള്ളാശ്ശേരിയും വന്നു.
മാറാതെ നിന്നത് നായകന്‍ മാത്രമായിരുന്നു. ജഗദീഷ്. അതൊരു തുടക്കമായിരുന്നു.
പിന്നീടങ്ങോട്ട് അയാള്‍ നിര്‍ത്താതെ ചിരിപ്പിച്ചതിന് ആവോളം സന്തോഷിപ്പിച്ചതിന് കയ്യും കണക്കുമുണ്ടായില്ല. മായിന്‍ കുട്ടിയും അപ്പുക്കുട്ടനും മുതല്‍ക്ക് എത്രയോ കഥാപാത്രങ്ങള്‍ ആ ഒഴുക്കില്‍ വന്നും പോയുമിരുന്നു
തന്റെ പുഷ്പ്പകാലത്ത് ജഗദീഷ് നായകനായി അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് ഒന്നെടുത്ത് നോക്കണം. ഉദാത്തമെന്ന അവകാശവാദമൊന്നുമില്ലെങ്കിലും ഇന്നും നേരംപോക്കിന് ആശ്രയിക്കുന്നവര്‍ക്ക് ഒരു മടുപ്പുമില്ലാതെ കാണാവുന്ന എത്രയോ കിടിലന്‍ സിനിമകള്‍
Entertainer എന്ന ലേബലിനോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്ന..ആവര്‍ത്തനക്കാഴ്ചയിലും മടുപ്പുളവാക്കാത്ത സിനിമകള്‍.
മാറുന്ന മലയാള സിനിമയില്‍ ഇടക്കെപ്പോഴോ അനിവാര്യനല്ലെന്ന തിരിച്ചറിവ് സ്വയം തോന്നിയത് കൊണ്ടോ അതോ മാറ്റി നിര്‍ത്തപ്പെട്ടത് കൊണ്ടോ,,ഇടക്കാലത്ത് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ ഞാനും കാര്യമായി ആലോചിച്ചിരുന്നു..ഇയാള്‍ ഇതെവിടെ പോയെന്ന്..??ഇടക്ക് മിന്നാലാട്ടം പോല്‍ ചില സിനിമകള്‍.
2015ല്‍ ലീല എന്നൊരു സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ പൂര്‍ണബോധ്യമായി..ഇല്ല..അയാള്‍ക്കും അയാളിലെ നടനവൈഭവത്തിനും ഇന്നും ഒരു ഉടവും സംഭവിച്ചിട്ടില്ലെന്ന്. കൂടെയഭിനയിച്ച സിദ്ധിക്കൊക്കെ,ഇന്ന് ഓടി നടന്ന് വ്യത്യസ്ത വേഷങ്ങള്‍ കയ്യാളുമ്പോള്‍ ഇടക്കെപ്പോഴോ ആലോചിട്ടുണ്ട്. 4 പതിറ്റാണ്ട് താണ്ടാന്‍ ഒരുങ്ങുന്ന അഭിനയസപര്യ സ്വന്തമായുണ്ടായിട്ടും ഈ നടനെ ഇമേജിന്റെ പേരും പറഞ്ഞും മലയാളസിനിമ,തളച്ചിടുന്നതിന് പിന്നിലെ ചേതോവികാരം എന്തെന്ന്…!
ഒരു മേക്ക് ഓവര്‍ നല്‍കി ഈ മനുഷ്യനെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ പ്രിയപ്പെട്ട സംവിധായകരാരെങ്കിലും ഇനിയും തയ്യാറാകുമെന്ന് ഉറച്ചു വിശ്വാസമുണ്ട്..കാരണം. വീണ്ടുമൊരു അങ്കത്തിനുള്ള ബാല്യം അയാളില്‍ ആവോളമുണ്ട്.
പ്രിയപ്പെട്ട ജഗദീഷേട്ടാ കാത്തിരിക്കുന്നു. നല്ലൊരു തിരിച്ചുവരവിനായി
ഇനിയും ഒരുപാട് അഭിനയിക്കുക, ഞങ്ങളെ..ആവോളം ആനന്ദചിത്തരാക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക