ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ശേഷം രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും മറികടന്ന് ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്. മാര്‍ച്ച് രണ്ടിന് ന്യൂസിലാന്‍ഡിനെതിരെ ദുബായിലാണ് ഇന്ത്യയുടെ മത്സരം.
പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ സെമി ഫൈനല്‍ സ്ഥാനം ഉറപ്പിച്ചത്. വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ഇതോടെ 51ാം ഏകദിന സെഞ്ച്വറിയും ഫോര്‍മാറ്റില്‍ 14000 റണ്‍സും പൂര്‍ത്തിയാക്കാന്‍ വിരാടിന് സാധിച്ചിരുന്നു.
ഇതോടെ പല മുന്‍ താരങ്ങളും വിരാട് കോഹ്‌ലിയെ ഇതിഹാസ താരങ്ങളുമായി താരതമ്യപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് ദൈവം എന്ന വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ പലതും തകര്‍ത്ത വിരാട് പുതിയ റെക്കോഡുകള്‍ സ്വന്തമാക്കുമെന്നും പല സീനിയര്‍ താരങ്ങള്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സുനില്‍ ഗവാസ്‌കര്‍. പല തലമുറയില്‍ ഉള്ള താരങ്ങളെ തമ്മില്‍ താന്‍ ഒരിക്കലും താരതമ്യപ്പെടുത്തില്ലെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ഓരേ തലമുറയിലും കളിച്ച താരങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളിലാണ് കളിച്ചതെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
‘ഞാനൊരിക്കലും പല തലമുറകളിലെ താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യില്ല. എന്തെന്നാല്‍ ഓരോ തലമുറയിലെ താരങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളിലാവും കളിച്ചിട്ടുള്ളത്. പിച്ചുകള്‍ വ്യത്യാസപ്പെട്ടിരിക്കും കളിക്കുന്ന സാഹചര്യങ്ങള്‍ക്ക് വ്യത്യാസമുണ്ടാകാം, എതിരാളികളും വ്യത്യാസമുണ്ടാകും. അതുകൊണ്ട് പല തലമുറകളിലെ താരങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ട് മത്സരത്തില്‍ രണ്ട് വിജയവും നാല് പോയിന്റും നേടി ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്താണ്. + 0.863 നെറ്റ് റണ്‍ റേറ്റിന്റെ പിന്‍ബലത്തിലാണ് കിവീസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് വിജയത്തില്‍ നിന്ന് നാല് പോയിന്റ് നേടി ഇന്ത്യയാണ് രണ്ടാമത്. + 0.847 നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്.
Content Highlight: Sunil Gavaskar says players of different generations should not be compared