Advertisement
Football
ഐ.എസ്.എല്ലിൽ ചരിത്രമെഴുതി സുനിൽ ഛേത്രി; ഇന്ത്യക്കാരിൽ ഒന്നാമനായി ഇതിഹാസത്തിന്റെ കുതിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 21, 10:30 am
Saturday, 21st September 2024, 4:00 pm

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബെംഗളൂരു എഫ്.സി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സീസണിലെ ബെംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു ഇത്.

മത്സരത്തില്‍ ബെംഗളൂരുവിനായി ഇരട്ടഗോള്‍ നേടി ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയാണ് സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടിയത്. 85ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് താരം ആദ്യ ഗോള്‍ നേടിയത്. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമിലും സുനില്‍ ലക്ഷ്യം കണ്ടു.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് സുനില്‍ ഛേത്രി സ്വന്തമാക്കിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഛേത്രി സ്വന്തമാക്കിയത്. 63 ഗോളുകളാണ് ഇന്ത്യന്‍ ഇതിഹാസം ഐ.എസ്.എല്ലില്‍ അടിച്ചുകൂട്ടിയത്.

ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മുന്‍ നൈജീരിയന്‍ താരമായ ബാര്‍ത്തലോമിയോ ഓഗ്ബച്ചെയുടെ റെക്കോഡിനൊപ്പമെത്താനും ഛേത്രിക്ക് സാധിച്ചു. 50 ഗോളുകള്‍ നേടിയ റോയ് കൃഷ്ണയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 48 ഗോളുകള്‍ നേടിയ ഫെറാന്‍ കൊറാമിനാസ് നാലാം സ്ഥാനത്തും 40 ഗോളുകള്‍ നേടിയ ലാലന്‍സുവാല്‍ ചാങ്‌തെ അഞ്ചാം സ്ഥാനത്തുമാണുള്ളത്.

അതേസമയം മത്സരത്തില്‍ തുടക്കത്തില്‍ തന്നെ രാഹുല്‍ ബേക്കയിലൂടെ ബെംഗളൂരുവാണ് ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ഇതിഹാസത്തിന്റെ ഗോളുകള്‍ കൂടി പിറന്നതോടെ മത്സരം പൂര്‍ണമായും ബെംഗളൂരു സ്വന്തമാക്കുകയായിരുന്നു.

നിലവില്‍ രണ്ട് മത്സരവും വിജയിച്ചു കൊണ്ട് ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സുനില്‍ ബെംഗളൂരു. സെപ്റ്റംബര്‍ 28ന് മോഹന്‍ ബഗാനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ബെംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

 

Content Highlight: Sunil Chethri Create a New Record in ISL