ഇന്ന് മലയാള സിനിമയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് കാതല്‍ ദി കോര്‍. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു സുധി കോഴിക്കോട് ചെയ്ത തങ്കന്‍ എന്ന കഥാപാത്രം.
ഇപ്പോള്‍ കാതലിനെ പറ്റി സംസാരിക്കുകയാണ് സുധി. സിനിമക്ക് ഇത്രയും സപ്പോര്‍ട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തനിക്ക് സിനിമയുടെ കഥ പൂര്‍ണമായും അറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എങ്കിലും ജിയോ ബേബിയുടെ പടമായത് കാരണം പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നെന്നും സുധി പറയുന്നുണ്ട്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമക്ക് ഇത്രയും സപ്പോര്‍ട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂക്കയും ജ്യോതിക മേമും ഉള്ള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. പിന്നെ ജിയോ ബേബിയുടെ പടമാണ്.
അത് പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു. കാരണം ജിയോ ബേബിയുടെ പടം മുന്‍പ് വലിയ ചര്‍ച്ചയായതാണ്. പിന്നെ മമ്മൂട്ടി കമ്പനിയുടെ പടമാണ്.
സൂര്യ സാര്‍ വളരെ നല്ല സ്‌ക്രിപ്റ്റ് ആണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തിരുന്നു. ഈ സ്‌ക്രിപ്റ്റില്‍ എന്തൊക്കെയോ ഉണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ സ്‌ക്രിപ്റ്റ് ഞാന്‍ പൂര്‍ണമായും വായിച്ചിരുന്നില്ല.
പൂര്‍ണമായും കഥ അറിയാതെയും വായിക്കാതെയുമാണ് ഞാന്‍ ആ സിനിമ ചെയ്തത്. അത് ഞാനും ജിയോയും തമ്മിലുള്ള അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ ചെയ്തതാണ്.
സിനിമയുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ എനിക്ക് തന്നിരുന്നു. എന്നാല്‍ എനിക്ക് വായിക്കേണ്ടെന്ന് തോന്നി. സ്‌ക്രിപ്റ്റ് വായിച്ചാല്‍ തിയേറ്റര്‍ ആക്ടര്‍ ആയത് കൊണ്ട് ചിലപ്പോള്‍ ഞാന്‍ വേറെ രീതിയില്‍ സെറ്റ് ആക്കി പോകും. ജിയോ ബേബിയുമായി സംസാരിച്ചാണ് തങ്കന്‍ എന്ന കഥാപാത്രത്തെ ചെയ്തത്,’ സുധി കോഴിക്കോട് പറഞ്ഞു.
Content Highlight: Sudhi Kozhikode Talks About Script Of Kaathal Movie