വീക്ഷണം മുഖപ്രസംഗത്തിനെതിരെ വി.എം സുധീരന്‍
Daily News
വീക്ഷണം മുഖപ്രസംഗത്തിനെതിരെ വി.എം സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2015, 12:27 pm

VM-Sudheeran-668

തിരുവനന്തപുരം: വീക്ഷണം ദിനപത്രത്തില്‍ ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷന്‍ എം.പി വീരേന്ദ്ര കുമാറിനെ വിമര്‍ശിച്ച് കൊണ്ട് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത് അനുചിതവും അപ്രസക്തവുമാണെന്ന് വി.എം സുധീരന്‍. ഇങ്ങനെ ഒരു മുഖ പ്രസംഗം എഴുതിയതിന്റെ ഔചിത്യം മനസിലാകുന്നില്ല. മുഖ പ്രസംഗത്തില്‍ വന്നത് പാര്‍ട്ടി നിലപാടല്ലെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.

വീക്ഷണത്തന്റെ ദൈനം ദിന കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ പാര്‍ട്ടി നയം എന്താണെന്ന് മനസിലാക്കേണ്ട ബാധ്യത വീക്ഷണത്തിനുണ്ടെന്നും സുധീരന്‍ പറഞ്ഞു.

വീരേന്ദ്ര കുമാര്‍ യു.ഡി.എഫിലെ ഒരു മുതിര്‍ന്ന അംഗമാണ് സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തതില്‍ തെറ്റില്ല. പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യവും സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതും വീരേന്ദ്രകുമാര്‍ മുമ്പു തന്നെ സംസാരിച്ചിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.

പാര്‍ട്ടികളുടെ നയരൂപവത്കരണം നേതാക്കള്‍ നടത്തേണ്ട കാര്യമാണെന്നും ഇത്തരം ചുമതലകള്‍ പാര്‍ട്ടി പത്രം ഏറ്റെടുക്കേണ്ടതല്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. “ഇത് ചെമ്പരത്തിപ്പൂവല്ല സ്പന്ദിക്കുന്ന ഹൃദയം” എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലായിരുന്നു ജെ.ഡി.യുവിനും വീരേന്ദ്ര കുമാറിനുമെതിരെ വീക്ഷണം ആഞ്ഞടിച്ചിരുന്നത്.