ഇന്ത്യന്‍ ജനതയെ അഗാധവേദനയില്‍ ആഴ്ത്തിയ ആ ഫോണ്‍ കാള്‍ രാജീവ് ഗാന്ധിയുടെ സെക്രട്ടറിയായ വിന്‍സന്റ് ജോര്‍ജിനെ തേടിയെത്തിയത് രാത്രി 10.30 ന് ആയിരുന്നു- 1991 മെയ് 21 ന്. ഇന്റലിജന്‍സ് ബ്യുറോയില്‍ നിന്നാണെന്നു സ്വയം പരിചയപെടുത്തിയ ആ മനുഷ്യനാണ്,ശ്രീപെരുംപുത്തൂരില്‍ ചാവേര്‍ബോംബ് സ്ഫോടനമുണ്ടായി എന്ന് പതറിയ ശബ്ദത്തില്‍ വിതുമ്പലോടെ ജോര്‍ജിനെ അറിയിച്ചത്. ‘രാജീവ്ജിക്ക് എങ്ങനെയുണ്ട്’ എന്ന് വെപ്രാളത്തോടെ ജോര്‍ജ് അന്വേഷിച്ചപ്പോള്‍ മറുവശത്തു പൂര്‍ണ്ണനിശബ്ദതയായിരുന്നു. ജോര്‍ജ് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ‘he is died’ എന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചുകൊണ്ട് മറുതലക്കല്‍ ഫോണ്‍ കട്ടായി.
കേട്ട വാര്‍ത്തയുടെ ആഘാതം താങ്ങാന്‍ കഴിയാതെ ജോര്‍ജ് നിശ്ചലനായി നിന്നപ്പോഴേക്കും ആ വീട്ടിലെ ഫോണുകള്‍ ഒന്നൊന്നായി ശബ്ദിക്കാന്‍ തുടങ്ങിയിരുന്നു. മിനിറ്റുകള്‍ക്കകം എം.എല്‍ ഫോത്തേദാറും സതീഷ് ശര്‍മയും എത്തി. ജനപഥിലെ പത്താം നമ്പര്‍ വസതിയില്‍. ഏതാണ്ട് പാതിരാത്രിയോടെ അവര്‍ ആ വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു. രാജീവിന്റെ മകളായ പ്രിയങ്കാ ഗാന്ധി എന്ന പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയോട്!
ഒരു നിമിഷം കൊണ്ട് ചുറ്റുമുള്ള ലോകം മുഴുവന്‍ തകര്‍ന്നു പോകുന്നതായി അനുഭവപ്പെട്ടെങ്കിലും, ലോകത്ത് ഒരു പെണ്‍കുട്ടിയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്തയോട്- തന്റെ ഹീറോ ആയ അച്ഛന്‍ അതിദാരുണമായി കൊല്ലപ്പെട്ട വാര്‍ത്തയോട്-പ്രിയങ്ക അസാധാരണപക്വതയോടെയാണ് പ്രതികരിച്ചത്. ഏറെ പ്രയാസകരമായ ഒരു കടമ കൂടി അവര്‍ ആ പെണ്‍കുട്ടിയെ ഏല്‍പ്പിച്ചു. അമ്മയെ വിളിച്ചെഴുനേല്പിച്ച് അവരുടെ ജീവിതപങ്കാളി, അവരുടെ നിത്യപ്രണയം ഈ ലോകത്ത് ഇനിയില്ലെന്ന കഠിനസത്യം അറിയിക്കാന്‍!
ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ആ കാര്യം പ്രിയങ്ക സമചിത്തതയോടെ അമ്മയെ വിളിച്ചുണര്‍ത്തി അറിയിച്ചു.
അതിശക്തമായ ഷോക്ക് ഏറ്റതു പോലെ ആ വാര്‍ത്ത കേട്ട് സോണിയ പിടഞ്ഞത്, Javier Moro എഴുതിയ ‘ദ റെഡ് സാരി’ എന്ന സോണിയാ ഗാന്ധിയുടെ ജീവചരിത്രത്തില്‍ ഹൃദയാവര്‍ജ്ജകമായി വിവരിക്കുന്നുണ്ട്. അമ്മ അതുപോലെ കരഞ്ഞത് പ്രിയങ്കയുടെ ഓര്‍മയില്‍ ഒരിക്കലും ഇല്ലായിരുന്നു. അവര്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. ആസ്ത്മക്കുള്ള മരുന്നും ഇന്‍ഹേലറും അവരുടെ മുറിയില്‍ നിന്നും കണ്ടെടുക്കാന്‍ ഓടിയ പ്രിയങ്ക തിരികെ വരുമ്പോള്‍ കണ്ടത് വായ തുറന്ന് കണ്ണുകള്‍ പുറത്തേക്കു തള്ളിയ നിലയില്‍ കസേരയില്‍ ഇരിക്കുന്ന അമ്മയെയാണ്. ഒരുവേള അമ്മ മരിച്ചു പോയെന്നു തന്നെ പ്രിയങ്ക കരുതി. ഒടുവില്‍ ഇന്‍ഹേലറിന്റെ സഹായത്തോടെ അമ്മയുടെ ശ്വാസം വീണ്ടെടുത്ത പ്രിയങ്ക പിന്നീട് ഹാര്‍വാര്‍ഡിലെ വിദ്യാര്‍ത്ഥിയായ സഹോദരനെ വിളിക്കാന്‍ ശ്രമിച്ചു. ജീവിതത്തില്‍ ഒരു മകനും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്ത ആ പെണ്‍കുട്ടി സഹോദരനെ അറിയിച്ചു. എന്നെങ്കിലും ഒരിക്കല്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ പേടിച്ചിരുന്നു, ആ പേടി സത്യമായിരിക്കുന്നു എന്നാണ് പൊട്ടികരഞ്ഞു കൊണ്ട് രാഹുല്‍ അനിയത്തിയോട് പറഞ്ഞത്.
അതിന് ശേഷം,അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ആര്‍. വെങ്കട്ടരാമന്‍ ഏര്‍പ്പാട് ചെയ്ത എയര്‍ഫോഴ്‌സ് വിമാനത്തില്‍ സോണിയാഗാന്ധിയും പ്രിയങ്കയും ശ്രീപെരുംപുത്തൂരിലേക്ക് യാത്ര തിരിച്ചു. അവസാനമായി രാജീവ് ഗാന്ധിയെ ഒരു നോക്കു കാണാന്‍. പക്ഷെ, പുലര്‍ച്ചെ 4. 30 നു മദ്രാസില്‍ എത്തിയ അവര്‍ക്കു കാണാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല, ഒന്നും…. ചിതറിത്തെറിച്ച ശരീരഭാഗങ്ങള്‍ അടക്കം ചെയ്ത ഒരു പെട്ടിയല്ലാതെ! രാജീവ് ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആയ പ്രദീപ് ഗുപ്തയുടെയും ശരീരഭാഗങ്ങള്‍ ഒരു പെട്ടിയില്‍ അടക്കം ചെയ്തിരുന്നു. തിരികെ മടങ്ങുമ്പോള്‍ വിമാനത്തില്‍ വെച്ച്, ഒരു കൈകൊണ്ടു കണ്ണീര്‍ തുടക്കുകയും മറ്റേ കൈ കൊണ്ട് ഒരു മുല്ലപ്പൂ മാല ആ പെട്ടിയില്‍ ചാര്‍ത്തുകയും ചെയ്തു, സോണിയാഗാന്ധി. അതുവരെ ആത്മസംയമനം പാലിച്ച പ്രിയങ്ക അപ്പോഴാണ് അച്ഛന്റെ ശരീരം അടക്കം ചെയ്ത പെട്ടിയില്‍ കൈകള്‍ അമര്‍ത്തി ഹൃദയം തകര്‍ന്നു കരഞ്ഞത്. ഏറെ നേരം. അപ്പോള്‍, തൊട്ടടുത്ത് അനാഥമായി കിടക്കുന്ന പ്രദീപ് ഗുപ്തയുടെ ശരീരം അടക്കം ചെയ്ത പെട്ടിയില്‍ മാല ചാര്‍ത്തുകയായിരുന്നു സോണിയ.
ആ രാത്രിയുടെ ഓര്‍മ്മകള്‍ ആ അമ്മയെയും മക്കളെയും ഒരിക്കലും വിട്ടുപോയില്ല.
എന്നിട്ടും, 17 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ദിവസം- 2008, മാര്‍ച്ച് 19 ന്- പ്രിയങ്ക വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി. അച്ഛന്റെ കൊലപാതകക്കേസില്‍ ശിക്ഷിക്കപെട്ട് ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരനെ കാണാന്‍! നളിനിയുടെ മുന്നില്‍ അച്ഛനെ നഷ്ടപ്പെട്ട പഴയ കുട്ടിയായി അവര്‍ വീണ്ടും വിതുമ്പി. പിന്നെ, നളിനിയോട് വെറുപ്പും ദേഷ്യവും ഇല്ലെന്ന് പറഞ്ഞു. അവരെ ചേര്‍ത്തണച്ചു.
അന്ത്യചുംബനം നല്‍കാന്‍ മുഖം പോലും ബാക്കിയാക്കാതെ ക്രൂരമായി ഭര്‍ത്താവിനെ കൊന്നു കളഞ്ഞ പ്രതികളോട്, അതിനും ഒന്‍പത് വര്‍ഷം മുന്‍പ്-1999ല്‍-തന്നെ സോണിയാ ഗാന്ധി, ക്ഷമിച്ചിരുന്നു.
അന്നത്തെ രാഷ്ട്രപതിയായ കെ. ആര്‍ നാരായണന് എഴുതിയ കത്തില്‍ അവര്‍ നാലു പ്രതികളുടെയും വധശിക്ഷ റദ്ദാക്കാന്‍ അപേക്ഷിച്ചിരുന്നു. അകാലത്തില്‍ അച്ഛന്‍ നഷ്ടമായ മക്കളുടെ വേദന അറിയാവുന്നത് കൊണ്ട്, നിഷ്‌ക്കളങ്കയായ മറ്റൊരു കുഞ്ഞിനെകൂടി(നളിനിയുടെയും മുരുകന്റെയും മകള്‍) അനാഥയാക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല. കുറേക്കൂടി സമയമെടുത്താണെങ്കിലും രാഹുല്‍ ഗാന്ധിയും അച്ഛന്റെ കൊലപാതകികളോട് ക്ഷമിച്ചു.
നാരായണഗുരുവിന്റെ അനുകമ്പാദശകം ഒരിക്കലും വായിക്കാനിടയില്ലാത്ത ആ അമ്മയും മക്കളും ‘അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം’ എന്ന മഹാഗുരുവിന്റെ വചനം ഹൃദയസ്പര്‍ശിയായി സ്വന്തം ജീവിതത്തില്‍ പകര്‍ത്തി. അതുവഴി ആ അച്ഛന്റെ ഓര്‍മ്മകളെ കൂടുതല്‍ തിളക്കമുള്ളതാക്കി. അതുകൊണ്ടുതന്നെ, ‘വെറുപ്പിന്റെ കമ്പോളത്തിലെ സ്‌നേഹത്തിന്റെ പീടിക’ ഒരിക്കലും രാഹുലിന്റെ വെറും വാക്കായിരുന്നില്ല. അവര്‍ക്കത് ജീവിതം തന്നെയാണ്. നിര്‍ഭാഗ്യവശാല്‍, എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്നവന്‍ പപ്പുവും, വെറുപ്പും വിദ്വേഷവും മാത്രം വിതറുന്നവര്‍ വിശ്വഗുരുവും ആകുന്ന കാലമാണിത്.
ഒരിക്കല്‍ യുദ്ധാന്തര ശ്രീലങ്കയില്‍ പര്യടനം നടത്തിയ അവസരത്തില്‍, വംശീയയുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട തമിഴ് സ്ത്രീകളും സിംഹളസ്ത്രീകളും ഒരുമിച്ചിരുന്ന് കൊണ്ട് പരസ്പരം മുറിവുകള്‍ ഉണക്കുന്നത് നോക്കി നിന്നപ്പോള്‍ എന്റെ മനസിലേക്ക് കടന്നുവന്നത്, സഹാനുഭൂതിയും കരുണയും നമ്മുടെ രാഷ്ട്രീയത്തെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ ആയി മാറിയിരുന്നുവെങ്കില്‍ എന്ന ചിന്തയാണ്. അപ്പോഴും നളിനിയെ ചേര്‍ത്തു പിടിച്ച ഈ മൂന്ന് മനുഷ്യരെ ഓര്‍ത്ത് എന്റെ കണ്ണില്‍ നനവൂറി.. ഇപ്പോഴും കണ്ണ് നനയുന്നു.. രാജീവ് ജി യുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം.
content highlights: Sudhamenon in memory of Rajiv Gandhi