Advertisement
National Politics
സ്വവര്‍ഗാനുരാഗം ഹിന്ദുത്വയ്ക്ക് എതിരാണ്; ചികിത്സിച്ച് ഭേദമാക്കാന്‍ ഇന്ത്യ ഗവേഷണം നടത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 10, 07:06 am
Tuesday, 10th July 2018, 12:36 pm

 

ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമോയെന്നതു സംബന്ധിച്ച് ഇന്ത്യ ഗവേഷണം നടത്തണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗാനുരാഗത്തെ കുറ്റകൃത്യമായി കണക്കാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377നെതിരെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം.


Also Read:വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ പത്ത് ടിപ്‌സുകളുമായി വാട്‌സ്ആപ്പിന്റെ പത്രപ്പരസ്യം


സ്വവര്‍ഗാനുരാഗം അസാധാരണമായ സംഭവമാണെന്നും അത് ഹിന്ദുത്വയ്ക്ക് എതിരാണെന്നും സ്വാമി പറഞ്ഞു.

“ഇത് സാധാരണ കാര്യമല്ല. നമുക്കത് ആഘോഷിക്കാനാവില്ല. ഇത് ഹിന്ദുത്വയ്ക്ക് എതിരാണ്.” അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

സ്വവര്‍ഗാനുരാഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ ഗവേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.


Also Read:ജി.എൻ.പി.സി വാർഷികാഘോഷം നടന്ന ഹോട്ടലിൽ അന്വേഷണം; പിന്നിൽ മദ്യക്കമ്പനികളെന്ന് പൊലീസ്


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഈ വിഷയം ഏഴോ ഒമ്പതോ അംഗ ബെഞ്ച് പരിശോധിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

2013ലാണ് സുപ്രീംകൊടതി സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കി ഉത്തരവിറക്കിയത്. . സെക്ഷന്‍ 377 പ്രകാരം “പ്രകൃതി വിരുദ്ധ” ലൈംഗികതയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം തടവോ, പത്തുവര്‍ഷം വരെ തടവോ പിഴയോ ആണ് ശിക്ഷ.


Also Read:സിനിമയിലഭിനയിച്ചതിനുള്ള ഈഗോയുടെ പുറത്താണ് മറിമായത്തില്‍ നിന്ന് മാറ്റിയത്; സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരെ രചന നാരായണന്‍ കുട്ടിയും


കഴിഞ്ഞ വര്‍ഷം സ്വകാര്യത സുപ്രീം കോടതി മൗലികാവകാശമാക്കി. ഇത് സെക്ഷന്‍ 377ലും ബാധകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സദാചാരബോധം കാലത്തിനനുസരിച്ച് മാറുന്ന ഒന്നാണെന്ന് ജനവരിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

നേരത്തെ രാഹുല്‍ ഗാന്ധി, പി ചിദംബരം, ശശി തരൂര്‍, ബൃന്ദ കാരാട്ട്, ഡെറക് ഒബ്രയന്‍, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ LGBT സമൂഹത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരുന്നു.