Daily News
ശക്തിയാര്‍ജ്ജിച്ച് വിദ്യാര്‍ത്ഥികളുടെ കാലിക്കറ്റ് സര്‍വ്വകലാശാല ഉപരോധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Feb 12, 05:55 pm
Thursday, 12th February 2015, 11:25 pm

Calicut-universityതേഞ്ഞിപ്പലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഡിപാര്‍ട്ടുമെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന സമര പരിപാടികള്‍ ശക്തിയാര്‍ജ്ജിക്കുന്നു. നിരവധി ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന നിരാഹാരസമരത്തിന്റെ ഭാഗമായി സര്‍വ്വകലാശാലയില്‍ ഉപരോധ സമരം തുടങ്ങി. ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടേയും നേതൃത്വത്തില്‍ നടക്കുന്ന സമരം സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.

സര്‍വ്വകലാശാലയില്‍ ലീഗിന്റെ താലിബാനിസമാണ് നടക്കുന്നത് എന്നാരോപിച്ച കോടിയേരി സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം സി.പി.ഐ.എം ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു. അണ്‍ എയ്ഡഡ് കോഴ്‌സുകളില്‍ വന്‍ തുക ഫീസ് നല്‍കി പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ സൗകര്യം ഒരുക്കാതെ പകരം സാധാരണ വിദ്യാത്ഥികള്‍ക്ക് ലഭ്യമാകേണ്ട ഹോസ്റ്റല്‍ സൗകര്യം അവര്‍ക്ക് നിഷേധിച്ചുകൊണ്ട് അണ്‍ എയ്ഡഡ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 120ഓളം ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരത്തിലാണ്. പ്രശ്‌ന പരിഹാരത്തിനായി പലതവണ ചര്‍ച്ചകള്‍ നടന്നുവെങ്കിലും. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് നീതി പുലര്‍ത്താന്‍ സര്‍വ്വകലാശാല അതികൃതര്‍ തയ്യാറാകാതിരുന്നതോടെ വിദ്യാര്‍ത്ഥികള്‍ സമരം തുടരുകയായിരുന്നു.

സര്‍ക്കാരും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെ കണ്ടഭാവം കാണിക്കുന്നില്ല. വിദ്യാഭ്യാസ മന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നപരിഹാരത്തിന് തടസമാകുന്നതെന്നാണ് ഡി.വൈ.എഫ്.ഐയ്യുടെ ആരോപണം. ഇനിയും സമരപരിപാടികള്‍ ശക്തമാക്കാനാണ് സംഘടനകളുടെ നീക്കം.