ലണ്ടന്‍: സോഫ്റ്റ് പവര്‍ സൂചികയില്‍ ഏറ്റവും വലിയ ഇടിവ് നേരിട്ട് ഇസ്രഈല്‍. 2025ലെ ആഗോള സോഫ്റ്റ് പവര്‍ സൂചികയില്‍ ഇസ്രഈല്‍ 33-ാം സ്ഥാനത്തേക്ക് ഇടിഞ്ഞു. എക്കാലത്തെയും ഇടിവാണ് ഇസ്രഈല്‍ നേരിട്ടത്.
ഇന്ന് (വ്യാഴം) ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇസ്രഈലിന്റെ റാങ്കിങ് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ആഗോള പ്രശസ്തിയില്‍ 121-ാം സ്ഥാനത്തേക്കും ഇസ്രഈല്‍ തള്ളപ്പെട്ടു. 42 സ്ഥാനങ്ങളുടെ ഇടിവാണ് ഇസ്രഈലിന് ഉണ്ടായതെന്ന് അനഡോലു റിപ്പോർട്ട് ചെയ്തു.
100ലധികം വരുന്ന രാജ്യങ്ങളിലെ 170,000 ആളുകളില്‍ സര്‍വേ നടത്തിയ ശേഷമാണ് ബ്രാന്‍ഡ് ഫിനാന്‍സ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 193 യു.എന്‍ അംഗരാജ്യങ്ങളുടെ അന്താരാഷ്ട്ര സ്വാധീനം, പ്രശസ്തി, ആഗോള ശ്രദ്ധ ആകര്‍ഷിക്കാനുള്ള കഴിവ് എന്നിവയാണ് സര്‍വേയുടെ മാനദണ്ഡങ്ങള്‍.
ബലപ്രയോഗത്തിലൂടെ അല്ലാതെ ആഗോളതലത്തില്‍ സ്വാധീനം ചെലുത്താനുള്ള കഴിവിനെയാണ് സോഫ്റ്റ് പവര്‍ എന്ന് പറയുന്നത്. രാജ്യങ്ങളുടെ രാഷ്ട്രീയ നിലപാട്, നയതന്ത്ര ബന്ധം, സാംസ്‌കാരികത ഇവയെല്ലാം റാങ്ക് നിലനിര്‍ത്തുന്നതിന് പ്രധാന ഘടകങ്ങളാണ്.
ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ നടത്തിവരുന്ന യുദ്ധമാണ് ഇസ്രഈലിന് സര്‍വേയില്‍ തിരിച്ചടിയായത്. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ ആക്രമണം തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സര്‍വേ നടക്കുന്നത്.
മനുഷ്യത്വരഹിതമായ നിലപാടുകളും പ്രവര്‍ത്തികളാലും സോഫ്റ്റ് പവര്‍ സൂചികയില്‍ ഇസ്രഈല്‍ കുത്തനെ നിലപതിക്കുകയാണ് ചെയ്തത്.
യുദ്ധാന്തരീക്ഷത്തില്‍ തുടരുന്ന ഉക്രൈന്‍ 46-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. രണ്ട് സ്ഥാനങ്ങളുടെ ഇടിവാണ് ഉക്രൈന്‍ നേരിട്ടത്. എന്നാല്‍ ഉക്രൈനെതിരായ നിലപാടുകളില്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം നേരിടുമ്പോഴും റഷ്യ, 16-ാം സ്ഥാനം നിലനിര്‍ത്തി.
ആഗോള പ്രശസ്തിയില്‍ റഷ്യ 75-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ഉക്രൈന്‍ 19 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട 95-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. അതായത് ആഗോള പ്രശസ്തിയില്‍ റഷ്യയേക്കാളും താഴെയാണ് ഉക്രൈന്‍.
സോഫ്റ്റ് പവര്‍ സൂചികയില്‍ 100ല്‍ 79.5 പോയിന്റുകളുമായി യു.എസാണ് ഒന്നാം സ്ഥാനത്ത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ടേമില്‍ യു.എസിന് സോഫ്റ്റ് പവര്‍ സൂചികയില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
എന്നാല്‍ പിന്നീടുണ്ടായ പ്രവര്‍ത്തങ്ങളിലൂടെയാണ് യു.എസ് ഒന്നാം സ്ഥാനം നേടിയത്. അതേസമയം ട്രംപ് നിലവില്‍ സ്വീകരിക്കുന്ന വിദേശ-വ്യാപാര നയങ്ങള്‍ വരുംകാല റാങ്കിങ്ങുകളില്‍ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് ചെയര്‍മാന്‍ ഡേവിഡ് ഹെയ്ഗ് പ്രതികരിച്ചു.
സോഫ്റ്റ് പവര്‍ സൂചികയില്‍ ആദ്യമായി യു.കെയെ പിന്തള്ളി ചൈന രണ്ടാം സ്ഥാനത്തെത്തി. 72.8 പോയിന്റുകളുമായാണ് ചൈന സ്ഥാനം പിടിച്ചത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ സൗദി അറേബ്യ 20ാം സ്ഥാനത്തും ഖത്തര്‍ 22ാം സ്ഥാനത്തുമാണ്.
Content Highlight: Israel plunges in soft power index as global reputation suffers