World News
അല്‍ അഖ്സയില്‍ പ്രവേശിക്കാന്‍ ഫലസ്തീന്‍ ഷെയ്ഖിന് ഇസ്രഈല്‍ പൊലീസിന്റെ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 20, 04:01 pm
Thursday, 20th February 2025, 9:31 pm

ജെറുസലേം: ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ ഫലസ്തീനിലെ പ്രമുഖനായ ഷെയ്ഖിന് വിലക്ക്. ഇസ്രഈല്‍ പൊലീസാണ് ഷെയ്ഖിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

അധിനിവേശ ജെറുസലേമിലെ ഇസ്‌ലാമിക് ഔഖാഫ് ഭരണകൂടത്തിന്റെ മുന്‍ ഡെപ്യൂട്ടി മേധാവിയായ ഷെയ്ഖ് നജെഹ് ബക്കീരത്താണ് ഇസ്രഈല്‍ പൊലീസിന്റെ വിലക്ക് നേരിടുന്നത്.

ഇന്നലെ (ബുധന്‍) ഇസ്രഈല്‍ പൊലീസ് ഷെയ്ഖിനെ കസ്റ്റഡിയിലെടുത്തിരുന്നു. അല്‍ മഘരിബ ഗേറ്റിന് സമീപത്ത് നിന്നാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം വരുന്ന ആറ് മാസത്തേക്ക് അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കുകയായിരുന്നു.

ഷെയ്ഖിന്റെ കാര്‍ പൊലീസ് കണ്ടുകെട്ടിയതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യഘട്ടത്തില്‍ കൈമാറിയ ഉത്തരവില്‍ ഒരു ആഴ്ചത്തേക്ക് പള്ളിയില്‍ പ്രവേശിക്കരുതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു.

നേരത്തെ ഷെയ്ഖ് ബക്കീരത്തിന്റെ മകന്‍ ദാവൂദിനെയും ഇസ്രഈല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഖിഷ്ല സ്റ്റേഷനിലേക്ക് ദാവൂദിനെ പൊലീസ് മാറ്റുകയും ചെയ്തിരുന്നു.

നിലവില്‍ ഇരുവരും ഇസ്രഈലിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. അതേസമയം വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ കുടിയേറ്റക്കാര്‍ ആക്രമണം ശക്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ വീടുകള്‍ നശിപ്പിക്കുന്നതായും വസ്തുവകകള്‍ മോഷ്ടിക്കുന്നതായും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

1993ലെ ഓസ്‌ലോ ഉടമ്പടി പ്രകാരം, വെസ്റ്റ് ബാങ്കിനെ എ, ബി, സി എന്നിങ്ങനെ വേര്തിരിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിന്റെ 60 ശതമാനം വരുന്ന ഏരിയയായ ‘സി’ പൂര്‍ണമായും ഇസ്രഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സി മേഖലയിലാണ് ഇസ്രഈലികള്‍ കൂടുതലായും കുടിയേറി താമസിക്കുന്നത്.

ബി, സി എന്നീ മേഖലകളില്‍ പൊതുവെ സമാധാനപരമായ അന്തരീക്ഷമാണ് ഉള്ളത്. എന്നാല്‍ ഈ മേഖലയിലെ ഗ്രാമങ്ങളെയും ഫലസ്തീനികളായ കര്‍ഷകരെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് ഇസ്രഈലി കുടിയേറ്റക്കാര്‍ ഇപ്പോള്‍ ആക്രമണം നടത്തുന്നത്.

Content Highlight: Israeli police ban Palestinian sheikh from entering Al-Aqsa