സിദ്ദിഖ്, ഫാസില്‍, ആഷിക് അബു എന്നീ സംവിധായകരുടെ അസിസ്റ്റന്റായി തന്റെ സിനിമാജീവിതം ആരംഭിച്ച നടനാണ് സൗബിന്‍ ഷാഹിര്‍. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സൗബിന്‍ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെയാണ് ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്.
പിന്നീട് 2017ല്‍ പറവ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനുമായി. ഇപ്പോള്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലൂടെ തമിഴിലേക്കും വരവറിയിക്കാന്‍ ഒരുങ്ങുകയാണ് നടന്‍.
സൗബിന്‍ ‘ദയാല്‍’ എന്ന കഥാപാത്രമായി എത്തുന്ന കൂലിയില്‍ രജിനികാന്ത് ആണ് നായകനാകുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് സൗബിന്‍ ഷാഹിര്‍.
‘തമിഴില്‍ നിന്നും ഒട്ടും വിചാരിക്കാത്ത ഒരു ഓഫറായിരുന്നു കൂലി. നാഗാര്‍ജുനയും രജിനി സാറും മാത്രമല്ല ആ സിനിമയിലുള്ളത്. അതിനും മേലെയുള്ള ആളുകളുമുണ്ട്. പല സര്‍പ്രൈസുകളുമുണ്ട്. നമ്മള്‍ കിടുങ്ങി പോകും. അവരൊക്കെയുണ്ടെന്നും അവരോടൊപ്പം എനിക്ക് കോമ്പിനേഷന്‍ ഉണ്ടെന്നും പറയുമ്പോഴും അത് സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല ഞാന്‍.
പ്രത്യേകിച്ച് രജിനി സാറിന്റെ കൂടെയുള്ള കോമ്പിനേഷന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. അത്രയും അടുത്ത് നിന്നാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. കയ്യും കാലും വിറച്ചിട്ട് എന്റെ ഡയലോഗ് തെറ്റിപോകുന്ന പ്രശ്‌നമൊക്കെ ഉണ്ടായിരുന്നു. എനിക്ക് ഡയലോഗ് തമിഴ് തന്നെയാണോ എന്ന് ചോദിച്ചാല്‍ പലതുമുണ്ട് (ചിരി).
സിനിമയിലെ എന്റെ ആദ്യ ഷോട്ട് നടന്നു വരുന്ന ഷോട്ടായിരുന്നു. ആ സമയത്ത് ദളപതി ആയിരുന്നു എന്റെ മനസില്‍ വന്നത്. അപ്പോള്‍ എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.
അവസാനം ഞാന്‍ ‘സാര്‍ വണ്‍ മോര്‍’ എന്ന് പറഞ്ഞു. രജിനി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല സന്തോഷമായിരുന്നു. എങ്കിലും കയ്യും കാലും വിറക്കുമായിരുന്നു. പിന്നെ അടുത്ത് കഴിഞ്ഞതും അത് സെറ്റായി,’ സൗബിന്‍ ഷാഹിര്‍ പറയുന്നു.
Content Highlight: Soubin Shahir Talks About Coolie Movie