Kerala News
ഭര്‍ത്താവ് മരിച്ച പെണ്ണ് വെള്ളസാരിയുടുത്ത് മൂലയിലിരിക്കണോ? രേണു സുധിക്കെതിരായ സൈബറാക്രമണത്തില്‍ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 20, 03:11 pm
Thursday, 20th February 2025, 8:41 pm

കൊല്ലം: വാഹനാപകടത്തില്‍ മരണപ്പെട്ട നടന്‍ കൊല്ലം സുധിയുടെ പങ്കാളി രേണുവിനെതിരെ കടുത്ത സൈബറാക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ രേണു പുറത്തുവിട്ട വീഡിയോക്ക് പിന്നാലെയാണ് സൈബറാക്രമണം.

ചാന്തുപൊട്ട് എന്ന സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത്’ എന്ന പാട്ടിന്റെ റീമേക്ക് വീഡിയോയില്‍ രേണു സുധിയും സോഷ്യല്‍ മീഡിയയില്‍ സുപരിചിതനായ ദാസേട്ടൻ കോഴിക്കാടുമാണ് അഭിനയിച്ചത്. റീമേക്ക് ഗാനത്തിന്റെ ഭാഗങ്ങളും ചിത്രങ്ങളും ഷൂട്ടിങ് രംഗങ്ങളും ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

തുടര്‍ന്ന് രേണുവിനെതിരെ കടുത്ത സൈബറാക്രമണമാണ് ഉയര്‍ന്നത്. ഭര്‍ത്താവ് മരിച്ച പെണ്ണിന്റെ തോന്നിവാസം, തിളപ്പ്, അഹന്ത, അഹങ്കാരം, പണത്തിനോടുള്ള ആര്‍ത്തി, ഭ്രാന്ത് തുടങ്ങിയ അധിക്ഷേപ വിശേഷണങ്ങളും വിമര്‍ശനവുമാണ് രേണു നേരിട്ടത്.

എന്നാല്‍ രേണുവിനോടൊപ്പം അഭിനയിച്ച ദാസനെതിരെ ഒരു രീതിയിലുമുള്ള അധിക്ഷേപങ്ങളും ഉയര്‍ന്നില്ല. കൊല്ലം സുധിയുടെ മരണത്തെ തുടർന്ന് തുടർച്ചയായി അധിക്ഷേപം നേരിടുന്ന വ്യക്തിയാണ് രേണു.

സൈബറാക്രമണത്തെ തുടര്‍ന്ന് ‘ഒരു കാര്യം പറഞ്ഞോട്ടെ… നെഗറ്റീവായ കമന്റുകളോട് പ്രതികരിക്കാനില്ല, മൈന്‍ഡ് ചെയ്താല്‍ അല്ലേ ഇനിയും നിങ്ങള്‍ ഇത് തുടരുകയുളളു, എല്ലാത്തിനും നന്ദി’ എന്ന് രേണു പ്രതികരിച്ചിരുന്നു. അഭിനയത്തെ അഭിനയമായി കാണണമെന്നും രേണു പ്രതികരിച്ചിരുന്നു.

അതേസമയം രേണുവിന് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പ്രതികരിക്കുന്നുണ്ട്. ‘അവര്‍ അവരുടെ ബാക്കി ജീവിതം കരഞ്ഞ് തീര്‍ക്കണമെന്നാണോ? ഒറ്റ ജീവിതമേയുള്ളൂ അത് അവര്‍ ആഘോഷിക്കട്ടെ, ആസ്വദിക്കട്ടെ, കഴിവുകളിലൂടെ സഞ്ചരിക്കട്ടെ…,’ എന്ന് ശരത് പരമേശ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.

‘ഭര്‍ത്താവ് മരിച്ചാല്‍ പിന്നെ വെള്ളസാരിയുമുടുത്ത് അകത്തു ഇരുന്നാല്‍, ഈ നെഗറ്റീവ് പറയുന്നവര്‍ ഒന്നും കൊണ്ട് കൊടുക്കില്ല. എത്രയോ പേരുടെ മുന്നില്‍ വെച്ച് നടത്തുന്ന ഷൂട്ട് ആണ്. അത് പോലും മനസിലാകാത്ത കുറേ എണ്ണമാണ് ഇങ്ങനെ അധിക്ഷേപിക്കുന്നത്,’ എന്ന പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

അടുത്തിടെ മകള്‍ക്കൊപ്പം മണാലിയില്‍ ടൂര്‍ പോയ നഫീസുമ്മയെ കാന്തപുരം വിഭാഗം നേതാവ് ഇബ്രാഹിം സഖാഫി ഉള്‍പ്പെടെയുള്ളവര്‍ സൈബറിടങ്ങളിലും മറ്റുമായി അധിക്ഷേപിച്ചിരുന്നു.

’25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ, ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലേണ്ടതിന് പകരം ഏതോ ഒരു നാട്ടില്‍ മഞ്ഞില്‍ കളിക്കാന്‍ വേണ്ടി പോയിരിക്കുകയാണ്,’ എന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ അധിക്ഷേപ പരാമര്‍ശം. ഇതിനെതിരെ നഫീസുമ്മയുടെ മകള്‍ രംഗത്തെത്തിയിരുന്നു.

വിധവയായ ഒരു സ്ത്രീക്ക് ലോകം കാണാന്‍ വിലക്കുണ്ടോ എന്ന ചോദ്യത്തോടെയാണ് ഇബ്രാഹിം സഖാഫിയുടെ വിമര്‍ശനങ്ങളില്‍ ഉള്‍പ്പെടെ മകള്‍ പ്രതികരിച്ചത്. ലോകം പുരുഷന് കാണാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചതാണോയെന്നും ഉസ്താദിന്റെ വാക്കുകള്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണെന്നും മകള്‍ പ്രതികരിച്ചിരുന്നു. ആണുങ്ങള്‍ക്ക് ഈ പറഞ്ഞ സ്വലാത്തൊന്നും ബാധകമല്ലെന്നാണോ എന്നും മകള്‍ ചോദ്യം ഉയര്‍ത്തിയിരുന്നു.

Content Highlight: cyber attack against Renu Sudhi