ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായ സ്റ്റുവര്‍ട്ട് ബ്രോഡ് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിന് ശേഷമാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കുക.
അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്. അദ്ദേഹത്തിന്റെ കരിയറിനെ അഭിനന്ദിച്ചും നല്ല ഭാവി നേര്‍ന്നും ഒരുപാട് മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ആറ് സിക്‌സര്‍ വഴങ്ങിയ ബൗളറില്‍ നിന്നും 600 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ബൗളറെന്ന നിലയില്‍ ബ്രോഡിന്റെ കരിയര്‍ ഒരുപാട് ഇന്‍സ്പയറിങ്ങാണ്. വിരമിക്കിലിന് ശേഷം തന്റെ കരിയറിലെ ഒരു ഹൊറര്‍ അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. 2013-14 ആഷസ് പരമ്പരയില്‍ മിച്ചല്‍ ജോണ്‍സണെ നേരിട്ടതാണ് ഏറ്റവും മോശം അനുഭവമെന്നാണ് ബ്രോഡ് പറയുന്നത്.
ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത് എന്നും ആസ്വദിച്ചിട്ടുണ്ടെന്നും, ആഷസില്‍ ഇംഗ്ലണ്ടിന് ജയങ്ങള്‍ നേടികൊടുക്കാന്‍ ചെറുപ്പം മുതലെ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഓസ്ട്രേലിയ്ക്കെതിരെ എന്റെ കൈയ്യില്‍ പന്തുമായി ഓടിയ ഓരോ തവണയും ഞാന്‍ ആസ്വദിച്ചിരുന്നു. ഓസീസിനെതിരെ 150 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയതിലും വാര്‍ണി, മഗ്രാത്ത് എന്നിവരോടൊപ്പം ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിലും എനിക്ക് അഭിമാനം തോന്നുന്നുണ്ട്. ഓസ്ട്രേലിയക്കെതിരെ ഓരോ മിനിറ്റും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു, എന്നാല്‍ ബ്രിസ്ബേനില്‍ മിച്ചല്‍ ജോണ്‍സന്റെ ബൗളിങ് ഒഴികെ, അത് ഭയാനകമായിരുന്നു.
ആഷസ് ക്രിക്കറ്റുമായി എന്റെ കുടുംബ ചരിത്രത്തില്‍ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് ഞാന്‍ കരുതുന്നു. ചെറുപ്പം മുതലേ ഞാന്‍ വളര്‍ന്നത് അതില്‍ മാത്രം മതിമറന്നുകൊണ്ടാണ്. കുട്ടിയായിരുന്ന സമയം ക്രിക്കറ്റ് കളിക്കാന്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് ആഷസാണ്. ഞങ്ങള്‍ പല ആഷസ് ടെസ്റ്റുകളും ജയിച്ചിരുന്നില്ല, അത് ഓസീസിനെതിരെ ജയിക്കാനുള്ള എന്റെ ദാഹവും, ആഗ്രഹവും വളര്‍ത്തി,’ ബ്രോഡ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ മാത്രം പേസ് ബൗളറാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. ആദ്യമായി 600 വിക്കറ്റ് നേടിയ പേസ് ബൗളര്‍ ഇംഗ്ലണ്ടിന്റെ തന്നെ ഇതിഹാസമായ ജെയിംസ് ആന്‍ഡേഴ്‌സണാണ്.
കരിയറിന്റെ തുടക്ക കാലത്ത് തന്നെ ഒരോവറില്‍ ആറ് സിക്‌സര്‍ വഴങ്ങിയിട്ടും പിന്നീടുള്ള ബ്രോഡിന്റെ മുന്നേറ്റം തീര്‍ച്ചയായും പ്രചോദനമുണ്ടാക്കുന്നതാണ്. ഇംഗ്ലണ്ടിനായി 167 ടെസ്റ്റ് കളിച്ച ബ്രോഡ് 602 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 121 ഏകദിനത്തില്‍ നിന്നും 178 വിക്കറ്റും ട്വന്റി-20 ക്രിക്കറ്റില്‍ 56 മത്സരത്തില്‍ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ അദ്ദേഹം 65 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.