ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം; നിർദേശങ്ങളുമായി അമിക്കസ് ക്യൂറി
Kerala News
ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം; നിർദേശങ്ങളുമായി അമിക്കസ് ക്യൂറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2024, 2:48 pm

തിരുവനന്തപുരം: ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണ ശുപാർശയുമായി അമിക്കസ് ക്യൂറി. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവു. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനകൾ എന്നിവക്ക് ആനകളെ ഉപയോഗിക്കരുത്. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കാൻ പാടുള്ളു എന്നും രണ്ട് എഴുന്നള്ളിപ്പ് ഉള്ളപ്പോൾ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ 100 കിലോ മീറ്ററിൽ കൂടുതൽ കൊണ്ടുപോകരുതെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. ആനകളെ നടത്തിക്കുകയാണെങ്കിൽ 30 കിലോമീറ്ററിൽ കൂടുതൽ നടത്താനും പാടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജനങ്ങളെ ആനകളുടെ സമീപത്ത് നിന്നും പത്ത് മീറ്റർ അകലത്തിൽ നിർത്തണമെന്നും ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോർട്ട് നിർദേശിക്കുന്നു. പുഷ്പവൃഷ്ടി, വാന്ഗാൾ തുടങ്ങിയവ ആനകളെക്കൊണ്ട് ചെയ്യിപ്പിക്കാനും പാടില്ലെന്ന് റിപ്പോർട്ട് പറയുന്നു. അഞ്ച് ആനകളെക്കാൾ കൂടുതൽ ആനകളുള്ള എഴുന്നെള്ളിപ്പിന് മുന്നോടിയായി അനുമതി വാങ്ങാനും നിർദേശമുണ്ട്.

ആനയെഴുന്നള്ളിപ്പിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം അതിരൂക്ഷമായ വിമർശനം അറിയിച്ചിരുന്നു. തിമിംഗലം കരയിലെ ജീവി അല്ലാത്തതില്‍ നന്ദി പറയണമെന്നും ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കാട്ടാനകളെ നാട്ടാനയായി ഉപയോഗിക്കുന്നതില്‍ ഹൈക്കോടതിയുടെ സ്വമേധയായുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഉത്സവങ്ങളില്‍ ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഉത്സവങ്ങളില്‍ ആനയെ കെട്ടിയിറക്കുന്നത് ആചാരങ്ങളല്ലെന്നും മനുഷ്യന്റെ വാശിയാണെന്നും കോടതി വിമര്‍ശിച്ചു. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയെയാണ് കാണിക്കുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Strict control of elephant poaching; Amicus curiae with instructions