മിസോറാമിൽ കരിങ്കൽ ക്വാറി തകർന്ന് വൻ അപകടം; 15 മരണം; നിരവധി പേർ മണ്ണിനടിയിൽ
India
മിസോറാമിൽ കരിങ്കൽ ക്വാറി തകർന്ന് വൻ അപകടം; 15 മരണം; നിരവധി പേർ മണ്ണിനടിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2024, 2:14 pm

ഐസ്വാൾ: കനത്ത മഴയെത്തുടർന്ന് മിസോറാമിലെ ഐസ്വാൾ ജില്ലയിൽ കരിങ്കൽ ക്വാറി തകർന്ന് 15 മരണം. റെമാൽ ചുഴലിക്കാറ്റ്
രാജ്യത്തുടനീളം കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് അപകടം നടന്നത്. നിരവധി ആളുകൾ ഇപ്പോഴും കല്ലുകൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് പൊലീസ് റിപ്പോർട്ട്.

അധികാരികൾ പറയുന്നതനുസരിച്ച് ഏഴ് മരണങ്ങൾ മിസോറാം പൊലീസ് ഡയറക്ടർ ജനറൽ അനിൽ ശുക്ല സ്ഥിരീകരിച്ചു. തുടർന്നുള്ള റിപ്പോർട്ടുകൾ പ്രകാരം മരണ സംഖ്യ 15 ആയി ഉയർന്നിട്ടുണ്ട്.

ഐസ്വാൾ പട്ടണത്തിന്റെ തെക്കൻ പ്രദേശത്ത് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. അതോടൊപ്പം സമീപത്തെ ഖനി തകർന്ന് വീടുകളും തകർന്നിട്ടുണ്ട്. മരിച്ചവരിൽ 15 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും പലരും ഇപ്പോഴും കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. അവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

മരിച്ച 15 തൊഴിലാളികളിൽ മൂന്ന് ആളുകൾ മിസോറാമിൽനിന്നുള്ളവരല്ല. തിരച്ചിൽ നടത്തുന്നതിനിടെ രക്ഷപ്പെടുത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അന്തർസംസ്ഥാനപാതകളിൽ കനത്ത മണ്ണിടിച്ചിൽ രൂക്ഷമായതിനെത്തുടർന്ന് പുറംലോകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത കനത്ത മഴ തുടരുകയാണ്. ഹന്തറിൽ ദേശീയപാതയിൽ മണ്ണിടിച്ചിലും രൂക്ഷമായെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടലുമുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

ജീവഹാനിക്ക് പുറമെ നിരവധി മരങ്ങളും വൈദ്യുത തൂണുകളും കടപുഴകുകയും വെള്ളപ്പൊക്കം കാരണം റോഡുകൾ ഗതാഗത യോഗ്യമല്ലാതാവുകയും ചെയ്തു.

പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ അവശ്യ സർവീസുകൾക്ക് പുറമെയുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Content Highlight: Stone quarry collapses in Mizoram