രാജീവ്ഗാന്ധി വധം:മൊഴി തിരുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
India
രാജീവ്ഗാന്ധി വധം:മൊഴി തിരുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th November 2013, 4:58 pm

[] ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളിന്റെ മൊഴി തിരുത്തിയിരുന്നുവെന്ന് മുന്‍ സി.ബി.ഐ എസ്.പി ത്യാഗരാജന്റെ കുറ്റസമ്മതം.

കോടതിയില്‍ കേസിന് ബലം നല്‍കുന്നതിന് വേണ്ടിയാണ് ഇത്തരം തിരിമറി നടത്തിയത്. അതില്‍ താനിപ്പോള്‍ ദു:ഖിതനാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബോംബ് നിര്‍മ്മിക്കാന്‍ ബാറ്ററി വാങ്ങിയതിന്റെ പേരിലാണ് പേരറിവാളിനെതിരെ കേസെടുത്തത്. എന്നാല്‍ ബാറ്ററി വാങ്ങിയത് ബോംബിന് വേണ്ടിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്ന പേരറിവാളിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ത്യാഗരാജന്‍ വെളിപ്പെടുത്തിയത്.

മൊഴിയില്‍ വരുത്തിയ ചെറിയ മാറ്റമാണ് പേരറിവാളിനെ വധശിക്ഷയ്ക്ക് വിധിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാവിഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

അറസ്റ്റിലാകുന്ന സമയത്ത് 19 വയസ്സുണ്ടായിരുന്ന പേരറിവാളന്‍ രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷ കാത്ത് 22 വര്‍ഷമായി തടവില്‍ കഴിയുകയാണ്.

കേസില്‍ ആകെ 26 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 4 ആഴ്ചകൊണ്ട് മുഴുവന്‍ വാദവും കേട്ട് 7 പേരുടെ ശിക്ഷ ശരിവെച്ചു.   നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ 4 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്.

1991ലെ പൊതുതിരഞ്ഞെടുപ്പ് പ്രചരണവേളയ്ക്കിടെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരില്‍ വച്ചാണ് എല്‍.ടി.ടി.ഇ തീവ്രവാദികളുടെ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.