തിരുവനന്തപുരം: പ്രളയക്കെടുതി മൂലം ഉണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ നികത്തുന്നതിനുള്ള സഹായം തേടി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ലോകബാങ്ക്-എ.ഡി.ബി സംഘവുമായി ചര്‍ച്ച നടത്തും. ലോകബാങ്ക് പ്രതിനിധികള്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
ലോകബാങ്കിന്റെ ഇന്ത്യയിലെ തലവന്‍ നിഷാം അബ്ദു, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി) മേധാവി കെനിഷി യോക്കോയാമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് ചര്‍ച്ച നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത്, ജലവിഭവ, വൈദ്യുത വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരെ കൂടാതെ കേന്ദ്രധനകാര്യവകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.
പ്രളയത്തില്‍ തകര്‍ന്ന റോഡുകളും, പാലങ്ങളും പുനര്‍ നിര്‍മ്മിക്കല്‍, കെടിവെള്ള പദ്ധതികള്‍, വൈദ്യുത വിതരണം എന്നിവ പുനസ്ഥാപിക്കല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട് തേടുന്നത്. ലോകബാങ്കില്‍ നിന്ന് 5000 കോടി രൂപയെങ്കിലും വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തിന്റെ വായ്പ പരിധി ജി.ഡി.പിയുടെ 3 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. നിലവില്‍ കെ.എസ്.ടി.പി പദ്ധതിക്ക് ലോകബാങ്കിന്റെ സഹായം ലഭിക്കുന്നുണ്ട്. എ.ഡി.ബിയും ചില പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. നേരത്തെ ഉത്തരാഖണ്ഡില്‍ പ്രകൃതി ദുരന്തം ഉണ്ടായപ്പോള്‍ ലോകബാങ്ക് 3000 കോടി അനുവദിച്ചിരുന്നു.