ഇന്ത്യാ സഖ്യത്തിന്റെ വിജയം കലൈഞ്ജര്‍ കരുണാനിധിക്ക് സമര്‍പ്പിക്കും: സ്റ്റാലിന്‍
national news
ഇന്ത്യാ സഖ്യത്തിന്റെ വിജയം കലൈഞ്ജര്‍ കരുണാനിധിക്ക് സമര്‍പ്പിക്കും: സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 11:57 am

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യാ സഖ്യത്തിന്റെ വിജയം അന്തരിച്ച പാര്‍ട്ടി കുലപതി എം. കരുണാനിധിക്ക് സമര്‍പ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍. എം. കരുണാനിധിയുടെ ശതാബ്ദി ആഘോഷം ദേശീയ തലത്തില്‍ ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ നേതാവ് കരുണാനിധിയുടെ ജന്മ വാര്‍ഷിക ദിനമായ ജൂണ്‍ മൂന്നിന് ഒരു വര്‍ഷം നീണ്ടുനിന്ന (202324) ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ജനാധിപത്യം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോളെല്ലാം ഉത്തരേന്ത്യയിലെ നേതാക്കള്‍ മാതൃകയാക്കിയത് കരുണാനിധിയെയാണ്. അദ്ദേഹം ജനാധിപത്യത്തിനു നല്‍കിയ സംഭാവനകള്‍ അത്ര വലുതാണ്. അത് എന്നും ഓര്‍ക്കപെടും,’ സ്റ്റാലിന്‍ പറഞ്ഞു.

ഫെഡറലിസത്തിന് വേണ്ടി പ്രവര്‍ത്തിച്ച കരുണാനിധിയാണ് ദേശീയ തലത്തില്‍ സംസ്ഥാന സ്വയംഭരണത്തിന് വേണ്ടി പോരാടിയതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്തു വരുമ്പോള്‍, ഇന്ത്യാ സഖ്യം വിജയിക്കുമെന്നും, അന്ന് ഞങ്ങള്‍ വിജയക്കൊടി ഉയര്‍ത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ വിജയം കരുണാനിധിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യനീതി, ഐക്യം, സംസ്ഥാന സ്വയംഭരണം, മാതൃഭാഷയുടെ സംരക്ഷണം എന്നീ ആശയങ്ങളോടുള്ള ഡി.എം.കെയുടെ പ്രതിബദ്ധത തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കരുണാനിധി ശക്തമായി ഉയര്‍ത്തിപിടിച്ചിരുന്നതായി സ്റ്റാലിന്‍ പറഞ്ഞു. അതുകൊണ്ടാണ് വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഡി.എം.കെയെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡി.എം.കെയുടെ പിന്തുണയോടെ ഒരു ‘പുതിയ ഇന്ത്യ’ രൂപപ്പെടുമെന്ന് മനസ്സിലാക്കിയാണ് ഇത്തരം ശക്തികള്‍ വിലപിക്കുന്നതെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ സ്റ്റാലിന്‍ പറഞ്ഞു.

2023 ജൂണ്‍ 3 ന് ആരംഭിച്ച് ഈ വര്‍ഷം ജൂണ്‍ 3 ന് സമാപിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ഡി.എം.കെ ഭരണത്തിന്റെ മികച്ച പദ്ധതികളും ജനങ്ങള്‍ക്ക് പ്രയോജനകരമായ സംരംഭങ്ങളുമാണ് അടയാളപ്പെടുത്തിയതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Stalin says DMK will dedicate INDIA bloc’s victory in Lok Sabha polls to Karunanidhi