Advertisement
Film News
നീലത്താമരയിൽ നിന്നും പാലേരിമാണിക്യത്തിൽ നിന്നും ഞാൻ പുറത്തായി: ശിവദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 24, 11:24 am
Saturday, 24th February 2024, 4:54 pm

തനിക്ക് നഷ്ടപെട്ട ഹിറ്റ് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി ശിവദ. താൻ ലാൽ ജോസിന്റെ നീലത്താമരയുടെയും രഞ്ജിത്തിന്റെ പലേരിമാണിക്യത്തിന്റെയും ഓഡിഷന് പോയിരുന്നെന്ന് ശിവദ പറഞ്ഞു. പക്ഷെ ആ രണ്ട് പടങ്ങളും തനിക്ക് അഭിനയിക്കാൻ ചാൻസ് കിട്ടിയില്ലെന്നും ശിവദ കൂട്ടിച്ചേർത്തു. അത് കഴിഞ്ഞ് ലാൽ ജോസിന്റെയും രഞ്ജിത്തിന്റേയും സിനിമയായ കേരള കഫേയിലേക്ക് തന്നെ വിളിച്ചെന്നും ശിവദ പറയുന്നുണ്ട്.

മമ്മൂട്ടിയുടെ സിനിമയിൽ അഭിനയിക്കാൻ പോകുന്ന എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹത്തിനെ ഒരു തവണ പോലും കാണാൻ കഴിഞ്ഞില്ലെന്നും ശിവദ പറയുന്നുണ്ട്. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ലാൽ ജോസ് സാറിനെ നീലത്താമരയുടെ ഓഡിഷന്റെ സമയത്ത് കണ്ടിരുന്നു. രഞ്ജിത്ത് സാറിനെ പാലേരി മാണിക്യത്തിന്റെ ഓഡിഷന് പോയപ്പോൾ കണ്ടു. പക്ഷേ രണ്ടു നടന്നില്ല. അത് കഴിഞ്ഞപ്പോൾ ഇവർ രണ്ടുപേരും എടുത്ത ചിത്രത്തിലാണ് രഞ്ജിത്ത് സാർ എന്നെ വിളിച്ചത്. ഇങ്ങനെ ഒരു റോളുണ്ട് വരാൻ പറഞ്ഞു.

എന്റെ ഫസ്റ്റ് മൂവി, ലാൽ ജോസ് സാറിന്റെ കൂടെ രഞ്ജിത്ത് സാർ പ്രൊഡ്യൂസ് ചെയ്യുന്നു. അങ്ങനെയൊരു രീതിയിൽ ആയിരുന്നു. മമ്മൂക്കയാണ് കൂടെയുള്ളത്. മമ്മൂക്കയെ കാണാൻ പോകുകയാണെന്ന് കരുതി ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. പക്ഷേ മമ്മൂക്കയെ കണ്ടില്ല. ഒരു തവണ പോലും കാണാൻ കഴിഞ്ഞില്ല. ശ്രീനിവാസൻ സാറിന്റെ കൂടെയായിരുന്നു.

രണ്ട് ദിവസമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അപ്പുറത്തേക്ക് ഉണ്ടായിരുന്നില്ല. പക്ഷെ മമ്മൂക്കയുടെ സിനിമയിൽ നായികയായിട്ട് അഭിനയിക്കുന്നതിൽ ഞാൻ നല്ല ഹാപ്പി ആയിരുന്നു. മമ്മൂക്കയുടെ നായികയല്ല എന്നാലും അഭിനയിക്കാൻ കഴിഞ്ഞു. ഇങ്ങനെ കണ്ണടച്ചു തുറക്കുമ്പോഴേക്കും എന്റെ സീൻ തീരുമായിരുന്നു. എന്നാലും നായികയായി അഭിനയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,’ശിവദ പറഞ്ഞു.

അഭയകുമാർ കെ. സംവിധാനം നിർവഹിക്കുന്ന ക്രൈം ഡ്രാമയായ സീക്രട്ട് ഹോമാണ് ശിവദയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദക്ക് പുറമെ ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

Content Highlight: Sshivda about the film she lost