ശ്രുതി ശരണ്യത്തിന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ബി 32 മുതല്‍ 44 വരെ. സ്ത്രീ ശരീര രാഷ്ട്രീയത്തെ പറ്റിയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയും സംസാരിച്ച സിനിമ വലിയ നിരൂപക പ്രശംസയാണ് നേടിയത്.
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കാസ്റ്റിങ് കൗച്ച് അനുഭവം തനിക്ക് തന്നെ ഉണ്ടായതാണെന്ന് പറയുകയാണ് സംവിധായിക. സിനിമയിലെ കഥാപാത്രം പ്രതികരിച്ചത് പോലെ തനിക്ക് അന്ന് പ്രതികരിക്കാനായില്ലെന്നും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാസ്റ്റിങ് കൗച്ചിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും പറയുകയാണ് ശ്രുതി ശരണ്യം. ഡൂള്‍ന്യൂസിനായി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തിലായിരുന്നു തനിക്ക് നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം ശ്രുതി പറഞ്ഞത്.
‘മാളവിക ശ്രീനാഥ് എന്ന നടി അവര്‍ക്ക് നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം കഴിഞ്ഞ ദിവസം തുറന്നു പറയുന്നത് ഞാന്‍ കേട്ടിരുന്നു. എന്റെ സിനിമയിലും ഇതുതന്നെയാണല്ലോ പറയുന്നത് എന്ന് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. 14 വര്‍ഷം മുന്‍പ് എനിക്ക് നേരിട്ട അനുഭവമാണ് സിനിമയില്‍ കാണിക്കുന്നത്. അഭിനേതാവ് ആകാന്‍ ആഗ്രഹിച്ച് വന്ന ആളല്ല ഞാന്‍ എന്നുമാത്രം. അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ആഗ്രഹിക്കുന്ന കാലത്ത് ഒരാള്‍ എന്നോട് ചെയ്ത കാര്യമാണ്.
സിനിമയില്‍ റെയ്ച്ചല്‍ എന്ന കഥാപാത്രം പ്രതികരിച്ചത് പോലെ എനിക്ക് അന്ന് പ്രതികരിക്കാനായില്ല. ഞാന്‍ ഷോക്കിലായിരുന്നു. പേടിയും വിറയലും കാരണം പ്രതികരിക്കാന്‍ പറ്റിയില്ല. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാകുന്നില്ലായിരുന്നു. അന്ന് എങ്ങനെയൊക്കെയോ കുതറിമാറി അവിടെ നിന്നും രക്ഷപ്പെട്ടതാണ്. അതിന്റെ പേരില്‍ കുറെ കരഞ്ഞിട്ടുണ്ട്. അന്നത്തെ ഷോക്ക് ഇന്നും ഓര്‍മയിലുണ്ട്. ഇത്രയും വര്‍ഷമായിട്ടും മറക്കാന്‍ പറ്റിയിട്ടില്ല. ഇന്നും അതിനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. 14 കൊല്ലം കഴിഞ്ഞിട്ടും ഇവിടെ ഒരു മാറ്റവും വന്നിട്ടില്ല. അത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.
സിനിമയില്‍ കാണിക്കുന്ന പൊലീസ് സ്റ്റേഷനിലെ സംഭവം എനിക്ക് മറ്റൊരു സന്ദര്‍ഭത്തില്‍ ഉണ്ടായതാണ്. പബ്ലിക് സ്പേസില്‍ വെച്ച് ഒരാള്‍ എന്നോട് അപമര്യാദയായി പെരുമാറി. അപ്പോള്‍ തന്നെ അയാളെ തല്ലുകയും ചെയ്തു. അതിനുശേഷം ആണ് അറിയുന്നത് ഇയാള്‍ ഒരു പോലീസ് ഓഫീസര്‍ ആണെന്ന്. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. അന്ന് ഞാന്‍ പരാതി കൊടുത്തു. സ്റ്റേഷനില്‍ ഉണ്ടായ അനുഭവങ്ങള്‍ തന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്,’ ശ്രുതി പറഞ്ഞു.