ഇത് വല്ലാത്ത ചതിയായിപ്പോയി; ഡി.ആര്‍.എസും വിശ്വസിക്കാന്‍ പറ്റാതായി, ശ്രീലങ്കക്ക് തോല്‍വി
Sports News
ഇത് വല്ലാത്ത ചതിയായിപ്പോയി; ഡി.ആര്‍.എസും വിശ്വസിക്കാന്‍ പറ്റാതായി, ശ്രീലങ്കക്ക് തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2024, 8:53 am

ശ്രീലങ്കക്കെതിരെ നടന്ന രണ്ടാമത്തെ ടി-ട്വന്റി മത്സരത്തില്‍ ബംഗ്ലാദേശിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് ശ്രീലങ്ക എടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ശ്രീലങ്കക്ക് വേണ്ടി കമിന്തു മെന്‍ഡിസ് 27 പന്തില്‍ നിന്നും 37 റണ്‍സ് നേടിയപ്പോള്‍ കുസാല്‍ മെന്‍ഡിസ് 22 പന്തില്‍ നിന്ന് 36 റണ്‍സ് നേടി. തുടര്‍ന്ന് ആഞ്ചലോ മാത്യൂസ് 21 പന്തില്‍ നിന്ന് 32 റണ്‍സ് നേടി പുറത്താകാതെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. ബംഗ്ലാദേശിനു വേണ്ടി സൗമ്യ സര്‍ക്കാറും തസ്‌കിന്‍ അഹമ്മദും മെഹദി ഹസനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി നജ്മല്‍ ഹുസൈന്‍ ഷാന്റോ 38 പന്തില്‍ നിന്ന് 53 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സിക്‌സറും നാല് ബൗണ്ടറിയും അടക്കമാണ് ക്യാപ്റ്റന്‍ തന്റെ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ബംഗ്ലാദേശിന് വിജയം എളുപ്പമായത്. ഓപ്പണിങ് ഇറങ്ങിയ ലിട്ടണ്‍ ദാസ് 24 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും ഒരു സിക്‌സര്‍ മടക്കം 36 റണ്‍സ് നേടി.

ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ 22 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറി അടക്കം 26 റണ്‍സ് നേടി. എന്നാല്‍ കളിയില്‍ കൗതുകം ആയത് മറ്റൊരു സംഭവമായിരുന്നു. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ബംഗ്ലാദേശ് 28 റണ്‍സിന് തുടരവെ സ്‌ട്രൈക്ക് ചെയ്ത സൗമ്യക്കെതിരെ ബിനുരാ ഫെര്‍ണാണ്ടൊ എറിഞ്ഞ പന്തില്‍ ബാറ്റിന്റെ എഡ്ജ് സംശയിച്ചു വിക്കറ്റിന് അപ്പീല്‍ പോയിരുന്നു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഇത് വിക്കറ്റ് കൊടുത്തു.

എന്നാല്‍ ബംഗ്ലാദേശ് ഒരു റിവ്യൂവിന് പോവുകയായിരുന്നു. ശേഷം അമ്പയര്‍മാരെ മൊത്തത്തില്‍ ആശങ്കപ്പെടുത്തിയത് ആയിരുന്നു ഡി.ആര്‍.എസ് റിവ്യൂ. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റിന് തട്ടുന്നതായി വേരിയേഷന്‍ കാണിച്ചിരുന്നു. എന്നാല്‍ അമ്പയര്‍ ഇത് നോട്ട് ഔട്ട് കൊടുക്കുകയായിരുന്നു. ഇതോടെ കളിക്കാരും ഏറെ ആശങ്കപ്പെട്ട് അമ്പയറുമായി വാക്ക് പോരില്‍ ഏര്‍പ്പെട്ടു.

ക്യാപ്റ്റന് കൂട്ടായി ബംഗ്ലാദേശിനു വേണ്ടി തൗഹീദ് ഹൃദ്യോയി 25 പന്തില്‍ പുറത്താക്കാതെ 32 റണ്‍സ് നേടി മികച്ച കൂട്ടുകെട്ടാണ് നല്‍കിയത്. ശ്രീലങ്കന്‍ ബൗളിങ് നിരയില്‍ മതീഷാ പതിരാനക്കാണ് രണ്ട് വിക്കറ്റും നേടാന്‍ സാധിച്ചത്. ഓപ്പണര്‍മാരെയാണ് താരം പുറത്താക്കിയത്. ഇരുവരും തമ്മിലുള്ള പരമ്പരയില്‍ നിര്‍ണായകമായ അവസാന മത്സരം മാര്‍ച്ച് 9നാണ് നടക്കുന്നത്. ഇതുവരെ ഇരുവരും ഓരോ മത്സരം വിജയിച്ചിട്ടുണ്ട്.

 

Content highlight: Sri Lanka Lose Against Bangladesh In Second T-20