പ്രതിഷേധം ഫലം കണ്ടു; ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി
Kerala
പ്രതിഷേധം ഫലം കണ്ടു; ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 4:40 pm

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌ക്കരനെയാണ് പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു.

സര്‍ക്കാരിനേയും ജനങ്ങളേയും ബാധിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനായാണ് പി.ആര്‍.ഡിയുടെ കീഴില്‍ ഫാക്ട് ചെക്ക് വിഭാഗത്തിന് തുടക്കം കുറിച്ചത്.

എന്നാല്‍ കൊലപാതക കേസില്‍ നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖകള്‍ ചമച്ചയാളിനെ തന്നെ വ്യാജവാര്‍ത്ത തടയാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ വിമര്‍ശനം ഉയരുകയായിരുന്നു.

ശ്രീറാമിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിനു കത്തു നല്‍കുകയും യൂണിയന്റെ പരാതി തുടര്‍ നടപടിക്കായി മുഖ്യമന്ത്രി പി.ആര്‍.ഡിക്ക് കൈമാറുകയുമായിരുന്നു.

ഇതിനിടെ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടറാമന്‍ ഒക്ടോബര്‍ 12ന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു

നേരത്തെ രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരായിരുന്നില്ല. കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം നേരിട്ട് എത്തിയത്.

കേസില്‍ രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ നേരത്തെ ജാമ്യം എടുത്തിരുന്നു. 50000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്‍മേലും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് വഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.

2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം.

റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Sreeram Venkittaraman Removed From PRDd Fact Check