മോശയുടെ അംശവടിയെന്നും ടിപ്പുവിന്റെ സിംഹാസനമെന്നും പറയുന്ന ഫ്രോഡ് പ്രാഞ്ചിമാരെ വിശ്വസിക്കുന്നവരാണല്ലോ കൊവിഡ് നിയന്ത്രണം ഉള്‍പ്പെടെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്; വിമര്‍ശനം
ഈ കാണുന്നത് മോശയുടെ അംശവടിയാണെന്നും മറ്റേത് ടിപ്പുവിന്റെ സിംഹാസനമാണെന്നും ഏതെങ്കിലും ഫ്രോഡ് പ്രാഞ്ചി പറയുന്നത് അപ്പടി വിശ്വസിക്കുന്ന ചിലര്‍ ആണല്ലോ കഴിഞ്ഞ കുറെ വര്‍ഷമായി കൊവിഡ് നിയന്ത്രണം ഉള്‍പ്പെടെ കേരളത്തിലെ നയപരമായ എല്ലാ തീരുമാനവും എടുക്കുന്നത് എന്നോര്‍ത്തിട്ടാണ് ആശങ്ക തോന്നുന്നതെന്നും അല്ലാതെ ഫോട്ടോ എടുക്കുന്നതും കൂട്ടുകൂടുന്നതും ഒക്കെ ഓരോരുത്തരുടെ സ്വകാര്യതയാണെന്നും അതിലൊന്നും നമ്മള്‍ ഇടപെടുന്നില്ലെന്നുമാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.
മോശയുടേതാണെന്ന് വിശ്വസിപ്പിച്ച അംശവടിയും പിടിച്ചുനില്‍ക്കുന്ന മനോജ് എബ്രഹാമിന്റേയും ടിപ്പുവിന്റേതെന്ന് വിശ്വസിച്ച സിംഹാസനത്തില്‍ ഇരിക്കുന്ന ലോക്നാഥ് ബെഹ്റയുടേയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രീജന്‍ ബാലകൃഷ്ണന്റെ വിമര്‍ശനം.
ടിപ്പുവിന്റെ സിംഹാസനവും ചാരുകസേരയും കണ്ടാല്‍ മതിമറക്കുന്ന മലയാളി മണ്ടന്‍മാരായ വേദനിക്കുന്ന കോടീശ്വരന്‍മാരുടെ കേരളമാണ് ഇതെന്നും പണവും പത്രാസും കണ്ടാല്‍ അവിഹിതമാര്‍ഗത്തില്‍ സമ്പാദിക്കുന്നവന്‍മാര്‍, സഹ തട്ടിപ്പുകാരന് പണം കൊടുക്കുന്നത് സ്വാഭാവികമാണെന്നുമൊക്കെയുള്ള കമന്റുകളാണ് വരുന്നത്. കേട്ടതിനേക്കാള്‍ വലിയ കെടുകാര്യസ്ഥതയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അപലപനീയമാണെന്നും ചിലര്‍ പോസ്റ്റിന് താഴെ എഴുതിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി, ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, തുടങ്ങിയവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരടക്കമുളള ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് കൊച്ചിയില്‍ പുരാവസ്തു വില്‍പനയുടെ മറവില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലും വ്യക്തമായിട്ടുമുണ്ട്.
ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നെന്നും, ഇവരെ ഉപയോഗിച്ച് കേസ് വഴി തിരിച്ചു വിടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.
തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സന്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
എന്നാല്‍ പരിശോധനയില്‍ ബാങ്കിലോ വിദേശത്തോ ഇയാള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇത് ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം തന്റെ കൈവശമുള്ളത് ഒറിജിനലല്ല, അതിന്റെ പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ നല്‍കിയ മൊഴി.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും, മോശയുടെ അംശവടിയും കണ്ട മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.