തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസിന്റെ നടത്തിപ്പിനെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിമര്‍ശിച്ചതിനെതിരെയാണ് തിരുവഞ്ചൂര്‍ രംഗത്ത് വന്നിരിക്കുന്നത്. ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്ന് കായിക മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിസഭയെ ചീഫ് സെക്രട്ടറി പ്രതികൂട്ടിലാക്കിയെന്നും അഴിമതി നടന്നു എന്ന ധ്വനിയുണ്ടാക്കാന്‍ ചീഫ് സെക്രട്ടറിയുടെ പ്രസ്താ വന ഇടയാക്കിയെന്നും മന്ത്രി പറഞ്ഞു. രോഷാകുലനായാണ് തിരുവഞ്ചൂര്‍ യോഗത്തില്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ ജിജി തോംസണ്‍ മാധ്യമങ്ങളെ കാണാന്‍ പാടുള്ളു എന്ന് നിര്‍ദേശിക്കണമെന്നും കായിക മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം ജിജി തോംസണ്‍ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചു. നല്ല ഉദ്ദേശത്തോടെയാണ് ഞാന്‍ മാധ്യമങ്ങളെ കണ്ടതെന്നും ഞാന്‍ ഉദ്ദേശിച്ച രീതിയിലല്ല കാര്യങ്ങള്‍ പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്നും ജിജി തോംസണ്‍ വ്യക്തമാക്കി.
താങ്കളുടെ ഉദ്ദേശ്യം അതായിരുന്നെങ്കില്‍ കുഴപ്പമില്ലെന്നും എന്നാല്‍ താങ്കള്‍ ഉദ്യേശിച്ച രീതിയിലല്ല കാര്യങ്ങള്‍ പുറത്ത് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് സംഘാടനത്തില്‍ ഗുരുതരമായ പിഴവ് പറ്റിയെന്നായിരുന്നു ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.