ചെന്നൈ: അണ്ണാ ഡി.എം.കെ. മുന്‍ ജനറല്‍ സെക്രട്ടറിയും ജയലളിതയുടെ ഉറ്റതോഴിയുമായിരുന്ന വി.കെ. ശശികലയുമായി സംസാരിച്ചതിന് 15 നേതാക്കളെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി.
അണ്ണാ ഡി.എം.കെ. ഉന്നതല യോഗത്തില്‍ പ്രമേയം പാസാക്കിയതിന് ശേഷമായിരുന്നു നടപടി. മുന്‍മന്ത്രിയും എം.പിയുമായിരുന്ന എം.ആനന്ദന്‍, അടക്കമുള്ളവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
നേരത്തെ വിവിധ നേതാക്കളും പ്രവര്‍ത്തകരും ശശികലയുമായി സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.
ശശികല രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചയാളാണെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടി എ.ഐ.എ.ഡി.എം.കെ. സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചത് കണ്ടപ്പോള്‍ പാര്‍ട്ടിയുടെ നിയന്ത്രണം പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നും ഉന്നതതല യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ഒരു കുടുംബത്തിന്റെ താല്‍പര്യത്തിനുവേണ്ടി പാര്‍ട്ടിയെ ഒരിക്കലും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
അതേസമയം താന്‍ അണ്ണാ ഡി.എം.കെയിലേക്ക് തരികെ വരുമെന്നും പാര്‍ട്ടി നശിക്കുന്നത് കാണാനാവില്ലെന്നുമാണ് പ്രചരിച്ച ഓഡിയോ ക്ലിപ്പില്‍ ശശികല പറയുന്നത്.
‘ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും, വിഷമിക്കേണ്ട. പാര്‍ട്ടിയിലെ എല്ലാം ശരിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ധൈര്യമായിരിക്കുക,’ എന്നാണ് ഒരു ഓഡിയോയില്‍ പറയുന്നത്.
മറ്റൊന്നില്‍ സുരേഷ് എന്ന വ്യക്തിയോട് ‘ഞാന്‍ ഉടന്‍ മടങ്ങിവരും, വിഷമിക്കേണ്ട. അവരുടെ വഴക്കുകള്‍ എന്നെ വേദനിപ്പിക്കുന്നു. ഈ പാര്‍ട്ടി വികസിപ്പിക്കുന്നതില്‍ ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു, അത് പാഴായിപ്പോകുന്നത് എനിക്ക് കാണാന്‍ കഴിയില്ല. ഞാന്‍ ഉടനെ വരും. കൊറോണ കുറഞ്ഞതിനുശേഷം, ഞാന്‍ നിങ്ങളെ എല്ലാവരെയും കാണും. ധൈര്യമായിരിക്കുക. ‘ എന്നാണ് പറയുന്നത്.
ശശികലയുടെ തിരിച്ചുവരവ് ചര്‍ച്ചകള്‍ അണ്ണാ ഡി.എം.കെയില്‍ തന്നെ ചേരി തിരിവ് സൃഷ്ടിച്ചിരുന്നു. ഒരൂകൂട്ടം നേതാക്കള്‍ നേരത്തെ തന്നെ ശശികലയ്ക്ക് പരസ്യ പിന്തുണ പാര്‍ട്ടിയില്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇതിനിടെ താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് ശശികല പ്രഖ്യാപിക്കുകയായിരുന്നു. ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. ജനുവരിയിലാണ് ജയില്‍ മോചിതയായത്. 2017 ലാണ് ശശികല ജയിലിലാകുന്നത്.