സീറ്റ് തര്‍ക്കം: പ്രകാശ് അംബേദ്ക്കറുടെ സഖ്യത്തില്‍ പിളര്‍പ്പ്; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം
national news
സീറ്റ് തര്‍ക്കം: പ്രകാശ് അംബേദ്ക്കറുടെ സഖ്യത്തില്‍ പിളര്‍പ്പ്; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2019, 9:58 pm

മുംബൈ: മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള സീറ്റ് ചര്‍ച്ചയില്‍ പരസ്പരം തെറ്റി പ്രകാശ് അംബേദ്ക്കറും അസദുദ്ദീന്‍ ഉവൈസിയും. വഞ്ചിത് ബഹുജന്‍ ആഘാഡിയുടെ ഭാഗമായി തുടരില്ലെന്ന് ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രഖ്യാപിച്ചു. 288 അംഗ നിയമസഭയിലേക്ക് കേവലം എട്ടു സീറ്റുകള്‍ മാത്രം അനുവദിച്ചതാണ് ഉവൈസിയുടെ പാര്‍ട്ടിയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചിട്ടുണ്ട്.

‘കഴിഞ്ഞ രണ്ട് മാസമായി സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 74 സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ വിട്ടുവീഴ്ച ചെയ്യാനും തയ്യാറായിരുന്നു. പക്ഷെ പ്രകാശ് അംബേദ്ക്കര്‍ എട്ടു സീറ്റ് മാത്രമേ തരികയുള്ളൂവെന്ന് ഉറച്ചു നില്‍ക്കുകയാണ്. ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ സ്വന്തം നിലയ്ക്ക് മത്സരിക്കും’ തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പാര്‍ട്ടി എം.പിയും സംസ്ഥാന അധ്യക്ഷനുമായ ഇംതിയാസ് ജലീല്‍ പറഞ്ഞു.

എ.ഐ.എം.ഐ.എമ്മിന്റെ സിറ്റിങ് സീറ്റായ ഔറംഗബാദ് സെന്‍ട്രല്‍ പോലും പാര്‍ട്ടിയ്ക്ക് അനുവദിച്ചില്ലെന്ന് ഇംതിയാസ് ജലീല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സഖ്യം രൂപീകരിച്ച് ഒരു വര്‍ഷം പിന്നിടുന്നതിനിടെയാണ് വഞ്ചിത് ബഹുജന്‍ ആഘാഡിയില്‍ ഭിന്നിപ്പുണ്ടാവുന്നത്. സഖ്യമുണ്ടായിരുന്ന 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയില്‍ നിന്ന് ഔറംഗാബാദ് സീറ്റ് പിടിച്ചെടുക്കാന്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞിരുന്നു.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച ഉവൈസിയുടെ പാര്‍ട്ടിക്ക് ഔറംഗാബാദ്, ബൈക്കുള്ള സീറ്റുകളില്‍ ജയിക്കാനായിരുന്നു. ഒമ്പത് സീറ്റുകളില്‍ രണ്ടും മൂന്നും സ്ഥാനക്കാരാവുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 മാര്‍ച്ചിലാണ് പ്രകാശ് അംബേദ്ക്കര്‍ വഞ്ചിത് ബഹുജന്‍ ആഘാഡി രൂപീകരിക്കുന്നത്. ആദ്യം ബരിപ് ബഹുജന്‍ മഹാസംഘ് രൂപീകരിച്ച പ്രകാശ് അംബേദ്ക്കര്‍ പിന്നീട് വഞ്ചിത് ബഹുജന്‍ ആഘാഡി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഇതിന് എ.ഐ.എം.ഐ.എം ഉള്‍പ്പെടെ നൂറോളം ചെറുസംഘടനകളുടെ പിന്തുണയുണ്ടായിരുന്നു.