മുംബൈ: 2022 ജൂണില്‍ ശിവസേനയെ പിളര്‍ത്തി ഏകനാഥ് ഷിന്‍ഡെയെ ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കിയ ബി.ജെ.പി ഒരു വര്‍ഷത്തിനിപ്പുറം എന്‍.സി.പിയേയും പിളര്‍ത്തി ഒപ്പം ചേര്‍ത്തിരിക്കുകയാണ്. 2019ല്‍ അജിത് പവാറിനെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചത് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഭൂരിഭാഗം എം.എല്‍.എമാരെയും ഒപ്പം കൂട്ടി മുന്‍പത്തെ പരീക്ഷണം ബി.ജെ.പി വിജയിപ്പിച്ചെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് മഹാരാഷ്ട്രയിലെ ഈ അട്ടിമറി നീക്കം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ശനിയാഴ്ച കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് നീട്ടിവെച്ചത് ഈ രഹസ്യ നീക്കം മുന്നില്‍ കണ്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശിവസേനയെ പിളര്‍ത്തിയെങ്കിലും പിന്നീടുള്ള ഉപതെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിക്ക് തിരിച്ചടിയേറ്റിരുന്നു. മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പാണ് ഇനി മുന്നിലുള്ളത്. തോല്‍വി ഭയന്നിട്ടാണെന്ന് ഈ തെരഞ്ഞെടുപ്പ് ബി.ജെ.പി നീട്ടിവെക്കുന്നതെന്ന വിമര്‍ശനം ഉണ്ട്. എന്‍.സി.പിയെ ഒപ്പം ചേര്‍ത്തതോടെ ഈ തെരഞ്ഞെടുപ്പിലും നില മെച്ചടുത്താനാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും പുതിയ അട്ടിമറിയിലൂടെ ബി.ജെ.പി ലക്ഷ്യംവെക്കുന്നുണ്ട്. 48 സീറ്റുള്ള മഹാരാഷ്ട്രയില്‍ പിളര്‍പ്പ് സാധ്യതയായി ഉപയോഗിക്കാനാണ് ബി.ജെ.പി നീക്കം.
നിലവില്‍ ദേശീയ ഐക്യത്തിന് മാതൃകയായി ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി. എന്നാല്‍ പ്രതിപക്ഷ ഐക്യനിരയിലെ പ്രധാനിയായ ശരദ് പവാറിനെ ദുര്‍ബലനാക്കി അതില്‍ വിള്ളല്‍വീഴ്ത്താന്‍ ബി.ജെ.പിക്കായി.
പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യതാ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ബിഹാറില്‍ നിതീഷ് കുമാറിനെതിരെയും സമാന നീക്കങ്ങള്‍ ബി.ജെ.പി നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആകെയുള്ള 53ല്‍ എം.എല്‍.എമാരില്‍ നാല്‍പ്പത് എം.എല്‍.എമാരും അജിത്തിനൊപ്പമുണ്ടെന്നാണ് അവകാശവാദം. ഇതില്‍ ഒമ്പത് പ്രമുഖര്‍ മന്ത്രിമാരായി. മൂന്നില്‍ രണ്ട് ഭൂരിക്ഷം തനിക്കൊപ്പമാണെന്നും തന്റേതാണ് യഥാര്‍ത്ഥ എന്‍.സി.പിയെന്നാണ് അജിത് അവകാശപ്പെടുന്നത്.
ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദം പങ്കിടുന്നതോടെ മഹാരാഷ്ട്രയിലേത് ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാരാണെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും പറയുന്നു.
Newly appointed Maharashtra Deputy CM Ajit Pawar, says “Today, we have decided to support the Maharashtra government and took oath as ministers. There will be a discussion on the portfolios later. Considering all aspects at the national level, we thought that we should support… pic.twitter.com/GxVoo2RWQQ
— ANI (@ANI) July 2, 2023
ഏറെ നാളായി എന്‍.സി.പിയില്‍ തുടരുന്ന അധികാര തര്‍ക്കമാണ് പാര്‍ട്ടിയെ
പിളര്‍പ്പിലേക്ക് നയിച്ചത്. ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സമയത്ത് മരുമകന്‍ അജിത് പവാര്‍ പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
എന്നാല്‍ മകള്‍ സുപ്രിയയെ പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ടുവരുന്ന നീക്കങ്ങളാണ് പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ദല്‍ഹിയില്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഫുല്‍ പട്ടേലിനെയും സുപ്രിയ സുലെയെയും എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റുമാരാക്കി കഴിഞ്ഞ ദിവസം ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ അജിത് പവാറിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനെല്ലാം ഇടയിലാണ് അജിത് പവാറിന്റെ അപ്രതീക്ഷിത നീക്കം. തന്റെ വിശ്വസ്തന്‍ പ്രഫുല്‍ പട്ടേലും അജിത്തിനൊപ്പം പോയത് ശരദ് പവാറിന് തിരിച്ചടിയായിട്ടുണ്ട്.
Content Highlight: Special story about NCP split in Maharashtra