തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞതിനു പിന്നില്‍ കോഴിക്കോട് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജീവന്‍ ജോര്‍ജ് തയ്യാറാക്കിയ റിപ്പോര്‍ട്ട്. വെറും സ്വത്തുതര്‍ക്കമെന്നു പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ പോലും എഴുതിത്തള്ളിയ കേസിന്റെ ദുരൂഹസ്വഭാവം പുറത്തുകൊണ്ടുവന്നത് ജീവന്‍ ജോര്‍ജാണ്. രഹസ്യാന്വേഷണം നടത്തി അദ്ദേഹം തയ്യാറാക്കിയ മൂന്ന് പേജുള്ള റിപ്പോര്‍ട്ടാണു കേരളത്തെ നടുക്കിയ കൂടത്തായി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.
25 ദിവസത്തെ രഹസ്യാന്വേഷണമായിരുന്നു ജീവന്‍ നടത്തിയത്. വ്യാജ ഒസ്യത്തിലും മരണങ്ങളിലും സംശയമുന്നയിച്ച് അമേരിക്കയിലുള്ള റോജോ ഇക്കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് റൂറല്‍ എസ്.പിക്കു പരാതി നല്‍കിയത്.
എസ്.പി പരാതി താമരശ്ശേരി ഡി.വൈ.എസ്.പിക്കു കൈമാറി. പലരുടെയും മൊഴിയെടുത്ത ഡിവൈ.എസ്.പി സ്വത്തുതര്‍ക്കം മാത്രമെന്നു പറഞ്ഞു പരാതി എഴുതിത്തള്ളി. പക്ഷേ പരാതി കണ്ട സ്‌പെഷ്യല്‍ ബ്രാഞ്ചിനു സംശയമുണ്ടായി.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഇസ്മയില്‍ അന്വേഷണത്തിനായി എസ്.ഐ ജീവന്‍ ജോര്‍ജിനെ ചുമതലപ്പെടുത്തി. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ വാഹനത്തിലായിരുന്നു ജീവന്‍ പരിശോധനയ്ക്കായി ഇറങ്ങിയത്.
അപ്പോഴേക്കും റൂറല്‍ എസ്.പിയായ കെ.ജി സൈമണ്‍ ചുമതലയേറ്റു. റിപ്പോര്‍ട്ട് നല്‍കിയ ജീവനെ എസ്.പി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു.
അതോടെ കോടഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത 189/2011 കേസ് ഫയല്‍ വീണ്ടും തുറക്കാന്‍ പൊലീസ് തീരുമാനിച്ചു. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്.
തുടര്‍ന്നു പ്രത്യേക സംഘമുണ്ടാക്കി വിശദമായ അന്വേഷണത്തിനു കണ്ണൂര്‍ റേഞ്ച് സി.ഐ സേതുരാമന്‍ ഉത്തരവിറക്കി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി രൂപീകരിച്ച സംഘത്തില്‍ ജീവനെയും ഉള്‍പ്പെടുത്തി.
രഹസ്യസ്വഭാവം കൈവിടാതെയായിരുന്നു ഈ സംഘത്തിന്റെയും അന്വേഷണം. തെളിവുകള്‍ ഓരോന്നായി ശേഖരിക്കുകയും ജോളിയുടെ ഓരോ നീക്കങ്ങളും പരിശോധിക്കുകയും ചെയ്തു.
ഓരോ ദിവസത്തെയും പുരോഗതി എസ്.പി നേരിട്ടു വിലയിരുത്തി. മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് കൊലപാതകങ്ങളാണെന്ന യാഥാര്‍ഥ്യം പുറംലോകം അറിയുന്നത്.
ജീവന്‍ ശുപാര്‍ശയായി റിപ്പോര്‍ട്ടില്‍ കുറിച്ച വരികള്‍ ഇതാണ്:
‘കൂടത്തായിയിലെ ആറു മരണങ്ങള്‍ കൊലപാതകങ്ങളാണ്. വെറും സ്വത്തുതര്‍ക്കം മാത്രമായി ഇതിനെ പരിഗണിക്കാനാവില്ല. അസ്വാഭാവിക മരണങ്ങള്‍ സംഭവിച്ചയിടത്തെല്ലാം ജോളിയുടെ സംശയകരമായ സാന്നിധ്യമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യാജ ഒസ്യത്തുമെല്ലാം ദുരൂഹത കൂട്ടുന്നതാണ്. അതിനാല്‍ സമഗ്ര അന്വേഷണം വേണം.’