'നീതിയുടെ ആള്‍രൂപം'; ജസ്റ്റിസ് ചന്ദ്രുവുമായി കൂടിക്കാഴ്ച നടത്തി എം.ബി. രാജേഷ്
Kerala News
'നീതിയുടെ ആള്‍രൂപം'; ജസ്റ്റിസ് ചന്ദ്രുവുമായി കൂടിക്കാഴ്ച നടത്തി എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2022, 11:31 pm

തിരുവനന്തപുരം: നീതിയുടെ ആള്‍രൂപമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ന്യായാധിപനാണ് ജസ്റ്റിസ് കെ. ചന്ദ്രുവെന്ന് സ്പീകര്‍ എം.ബി. രാജേഷ്. ചന്ദ്രുവുമായുള്ള കൂടുക്കാഴ്ചയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് എം.ബി. രാജേഷിന്റെ പ്രതികരണം.

‘ഇന്ന് വൈകുന്നേരമാണ് ജ. ചന്ദ്രുവിന്റെ ടെലിഫോണ്‍ കോള്‍ ലഭിക്കുന്നത്. തിരുവനന്തപുരത്ത് കേരള സാഹിത്യ അക്കാദമിയുടെയും ഗവ. ലോ കോളേജിന്റെയും രണ്ട് പരിപാടികളില്‍ പങ്കെടുക്കാനായി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്ന് അറിയിച്ചു. വൈകുന്നേരം അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചു.

ഭരണഘടന, സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനം, ജയ്ഭീം, അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടം, ആത്മകഥ എന്നിങ്ങനെ വിവിധ മേഖലകളെ സ്പര്‍ശിച്ചു കൊണ്ട് നടന്ന സംഭാഷണം വളരെ അര്‍ഥവത്തായിരുന്നു, ഇന്നത്തെ വൈകുന്നേരത്തെ മനോഹരമാക്കിയത് അദ്ദേഹവുമായുള്ള സംഭാഷണമാണ്,’ എം.പി. രാജേഷ് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, കേരളത്തിലെ സി.പി.ഐ.എം നേതൃത്വവുമായി വലിയ അത്മബന്ധമുള്ളയാളാണ് ജയ് ഭീം സിനിമക്ക് കാരണമായ യഥാര്‍ത്ഥ ഹീറോ ജസ്റ്റിസ് ചന്ദ്രു. കണ്ണൂരില്‍ നടന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ ജസ്റ്റിസ് കെ. ചന്ദ്രുവും എത്തിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തലശ്ശേരിയില്‍ സംഘടിപ്പിച്ച ‘ജുഡീഷ്യറിയും ഭരണഘടനാ സംരക്ഷണവും’ എന്ന സെമിനാറിലായിരുന്നു ചന്ദ്രു പങ്കെടുത്തിരുന്നത്.

‘മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ‘ജയ് ഭീം’ എന്ന സിനിമയിലെ സഹനത്തിന്റേയും പോരാട്ടത്തിന്റേയും കഥ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.