ചെന്നിത്തല കെ.എസ്.യു നേതാവില്‍ നിന്നും വളര്‍ന്നിട്ടില്ല, മുനീര്‍ പകര്‍ന്നാട്ടക്കാരന്‍; അവിശ്വാസ പ്രമേയത്തില്‍ മറുപടിയുമായി സ്പീക്കര്‍
Kerala News
ചെന്നിത്തല കെ.എസ്.യു നേതാവില്‍ നിന്നും വളര്‍ന്നിട്ടില്ല, മുനീര്‍ പകര്‍ന്നാട്ടക്കാരന്‍; അവിശ്വാസ പ്രമേയത്തില്‍ മറുപടിയുമായി സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st January 2021, 1:39 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കെ.എസ്.യു നേതാവില്‍ നിന്ന വളര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സഭയില്‍ പ്രമേയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പി. ശ്രീ രാമകൃഷ്ണന്‍. ഈ ചര്‍ച്ച നടക്കട്ടെയെന്നാണ് ഞാന്‍ ആഗ്രഹിച്ചതെന്നും വേണമെങ്കില്‍ അധികാരമുപയോഗിച്ച് ചര്‍ച്ച ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തല്‍മണ്ണ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ചെന്നിത്തലയുടെ പ്രസംഗം കേട്ടിട്ടുണ്ട്. മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും വിലയില്ലാത്ത നായനാരുടെ ഭരണം എന്നായിരുന്നു പ്രസംഗം. അദ്ദേഹം തീരെ വളരാത്ത നേതാവാണ്. ഇപ്പോഴും കെ എസ് യു നേതാവിന്റെ വളര്‍ച്ചയേ ഉള്ളു. അതുപോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങളിലെല്ലാം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.എം.എസ് സ്മൃതി പൊളിച്ചു കളഞ്ഞു എന്നത് തെറ്റാണ്. പുതിയത് നിര്‍മിക്കാന്‍ കൈരളി ടിവിയിലെ ശരത് എന്ന മാധ്യമപ്രവര്‍ത്തകന് പണം നല്‍കിയിട്ടില്ല. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി സംഘടിപ്പിച്ചവര്‍ക്ക് 5 കോടി കൊടുത്തു എന്നാണ് ആരോപണം ഒരു രൂപ കൊടുത്തെന്ന് തെളിയിച്ചാല്‍ ഞാന്‍ പണി നിര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. മുനീര്‍ പകര്‍ന്നാട്ടക്കാരനാണെന്നും സ്പീക്കര്‍ പറഞ്ഞു.

പത്രങ്ങളില്‍ വന്ന വാര്‍ത്തകളോട് ഞാന്‍ പ്രതികരിച്ചില്ല. എനിക്ക് അതിന് സമയമില്ല. ചോദിക്കാനുണ്ടെങ്കില്‍ തന്നോട് നേരിട്ടാണ് ചോദിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.

പ്രമേയമവതരിപ്പിക്കാന്‍ പ്രതിപക്ഷം നിരത്തിയ കാര്യങ്ങളെല്ലാം യുക്തി രഹിതമാണെന്നും സ്പീക്കര്‍ പറഞ്ഞു.

ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും പിന്‍ബലത്തില്‍ കേരളത്തിലെ അധ്യക്ഷ വേദിക്കെതിരെ ഇന്ത്യയിലാദ്യമായി പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷ നേതാവെന്ന് നിങ്ങള്‍ക്ക് അഭിമാനിക്കാം. അതാണ് ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Speaker against Ramesh Chennithakla in his speech on no-confidence motion