football news
നേഷന്‍സ് ലീഗ് വിജയം; ഗാവിക്കും കൂട്ടുകാര്‍ക്കം ജന്മനാട് സമ്മാനമായി നല്‍കിയത് തക്കാളി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 24, 01:04 pm
Saturday, 24th June 2023, 6:34 pm

2022-23 വര്‍ഷത്തെ നേഷന്‍സ് ലീഗ് ജേതാക്കളായിരിക്കുകയാണ് സ്‌പെയ്ന്‍. ഫൈനലില്‍ ക്രൊയേഷ്യയെ കീഴടക്കിയാണ് 2010ലെ ലോക ചാമ്പ്യന്മാര്‍ നേഷന്‍സ് ലീഗ് കിരീടം ചൂടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായിരുന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ കീഴടക്കിയത്.

ഈ ആവേശകരമായ വിജയത്തിന് ശേഷം ജന്മനാടായ ലോസ് പാലാസിയോസില്‍ എത്തിയ ഗാവി, ജീസസ് നവാസ്, ഫാബിയന്‍ റൂയിസ്. നേഷന്‍സ് ലീഗ് ജേതാക്കളായ താരങ്ങള്‍ക്ക് തക്കാളിയാണ് നാട്ടിലെ സ്വീകരിണത്തില്‍ സമ്മാനമായി നല്‍കിയത്. മൂന്ന് താരങ്ങളുടെയും തൂക്കം നോക്കി അതിന്റ അളവിലാണ് ഓരോരുത്തര്‍ക്കും തക്കാളി നല്‍കിയത്.

ലോസ് പാലാസിയോസിലെ കര്‍ഷകരാണ് ഇത് നല്‍കിയതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു സമ്മാനം നല്‍കിയതെന്ന് ഒരു റിപ്പോര്‍ട്ടിലും പറയുന്നില്ല.

തക്കാളി സ്‌പെയ്‌നില്‍ പ്രധാനപ്പെട്ട കാര്‍ഷിക ഉല്‍പ്പന്നമാണ്. കിഴക്ക് സ്‌പെയിനിലെ നഗരമായ വലന്‍സിയലിലെ ബ്യൂണോളില്‍ നടക്കുന്ന തക്കാളി ഫെസ്റ്റിവല്‍ ലോകത്ത് തന്നെ പ്രശ്തമായ ഒന്നാണ്.

അതേസമയം, ആവേശകരമായ നേഷന്‍സ് ലീഗ് ഫൈനലില്‍ ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കിലും ജേതാവിനെ നിശ്ചയിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സഡന്‍ ഡെത്തായി അരങ്ങേറിയ ആറാം റൗണ്ട് ഷൂട്ടൗട്ടില്‍ മത്സരം സ്പെയിനിനൊപ്പം നില്‍ക്കുകയായിരുന്നു. 5- 4നാണ് ഷൂട്ടൗട്ടിലെ സ്‌കോര്‍.

 

യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് സ്പെയ്ന്‍ നേരത്തെ തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ പ്രവേശിച്ചിരുന്നത്. 2021- 22 സീസണിലെ നേഷന്‍സ് ലീഗില്‍ സ്‌പെയ്ന്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടിരന്നു.

Content Highlight: Spanish players were gifted tomatoes in their hometown of Los Palacios after winning the Nations League