ഈ സമ്മറില്‍ എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണ് പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ബയേണില്‍ നിന്നും ബാഴ്‌സ ക്യാമ്പ് നൗവിലെത്തിച്ചത്. സമ്മറിലെ ഏറ്റവും മികച്ചതും ടാക്ടിക്കലുമായ ട്രാന്‍സ്ഫറുകളില്‍ ഒന്നായിരുന്നു ലെവന്‍ഡോസ്‌കിയുടേത്. 45 മില്യണ്‍ യൂറോക്കായിരുന്നു ലെവന്‍ഡോസ്‌കി ജര്‍മനിയില്‍ നിന്നും സ്‌പെയ്‌നിലെത്തിയത്.
ബാഴ്‌സയിലെത്തിയത് മുതല്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഗോളടിച്ചും അടിപ്പിച്ചും ലെവന്‍ഡോസ്‌കി ബാഴ്‌സയില്‍ മുന്നേറുന്ന കാഴ്ചയാണ് ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും കാണുന്നത്.
നിലവില്‍ ബാഴ്‌സയുടെ ഒമ്പതാം നമ്പറുകാരനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരങ്ങില്‍ ഒരാളും സ്പാനിഷ് ഇതിഹാസവുമായ ഡേവിഡ് വിയ്യ. ലെവന്‍ഡോസ്‌കി മികച്ച താരമാണെന്നും ഏത് സാഹചര്യത്തിലും അദ്ദേഹത്തിന് ഗോളടിക്കാന്‍ സാധിക്കുമെന്നുമാണ് വിയ്യ പറയുന്നത്.
കഡേന സെറുമായി (Cadena Ser) നടത്തിയ അഭിമുഖത്തിലാണ് വിയ്യ ഇക്കാര്യം പറയുന്നത്.
‘കഴിഞ്ഞ നാളുകളില്‍ ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് ലെവന്‍ഡോസ്‌കി. ഫുട്‌ബോളില്‍ അഡാപ്‌റ്റേഷന്‍ എല്ലായ്‌പ്പോഴും അനിവാര്യമാണ്. എന്നാല്‍ അവനെ പോലുള്ള പ്രതിഭകളായ താരങ്ങള്‍ക്ക് എവിടെയും കളിക്കാന്‍ സാധിക്കും,’ വിയ്യ പറയുന്നു.
ലെവന്‍ഡോസ്‌കിക്ക് ഒരുപാട് അനുഭവസമ്പത്തുണ്ടെന്നും, എത്ര കാലത്തേക്കാണെങ്കിലും അവന് അഡാപ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘അവന് ഒരുപാട് കഴിവും അനുഭവസമ്പത്തുണ്ട്. അഡാപ്‌റ്റേഷന്‍ പ്രൊസസ് എത്ര കാലത്തേക്ക് നീണ്ടുനിന്നാലും അവനത് കൃത്യമായി തന്നെ ചെയ്യും,’ വിയ്യ പറയുന്നു.
ലെവന്‍ഡോസ്‌കിയുടെ അഡാപ്‌റ്റേഷന്‍ എത്രത്തോളുമുണ്ടെന്ന് ബാഴ്‌സയിലെ അദ്ദേഹത്തിന്റെ പ്രകടനം വ്യക്തമാക്കുന്നുണ്ട്. ബാഴ്‌സയിലെത്തിയതുമുതല്‍ ലെവ ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകളും ഏറെയാണ്.
ബാഴ്‌സക്കായി ബൂട്ടുകെട്ടിയ എട്ട് മത്സരത്തില്‍ നിന്നും 11 ഗോളാണ് ലെവന്‍ഡോസ്‌കി അടിച്ചുകൂട്ടിയത്. കളിച്ച രണ്ടേ രണ്ട് മത്സരത്തില്‍ മാത്രമാണ് ലെവന്‍ഡോസ്‌കിക്ക് ഗോളടിക്കാന്‍ സാധിക്കാതെ പോയത്.
Content Highlight: Spanish Legend David Villa praises Robert Lewandowski