ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കേസില്‍ പെട്ട് ജയിലില്‍ കഴിയുന്നവര്‍ മുതല്‍ ജാമ്യത്തില്‍ കഴിയുന്നവര്‍ വരെ ഉള്ളതാണ് എസ്.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കലാപങ്ങളില്‍ പങ്കെടുത്തവരെല്ലാവരും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമ്പോള്‍ കലാപകാരികളെ പിടിക്കുന്നവര്‍ ബി.ജെ.പിയില്‍ ചേരുന്നു എന്നായിരുന്നു അസിം അരുണിന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
എസ്.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയേയും അദ്ദേഹം വിമര്‍ശിച്ചു. സമാജ്‌വാദിയുടെ മത്സരാര്‍ത്ഥികള്‍ ഒന്നുകില്‍ ജയിലില്‍ അല്ലെങ്കില്‍ ജാമ്യത്തില്‍ കഴിയുന്നവരാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
‘കയിരാന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നാഹിദ് ഹസനാണ് എസ്.പിയുടെ ഒന്നാം സ്ഥാനാര്‍ത്ഥി. അയാളിപ്പോള്‍ ജയിലിലാണ്. രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയായ അബ്ദുള്ള അസം ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. സമാജ്‌വാദിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ചാല്‍ ജയിലില്‍ കഴിയുന്നവരില്‍ നിന്ന് തുടങ്ങി ജാമ്യത്തില്‍ കഴിയുന്നവരിലാണ് അവസാനിക്കുന്നത്,’ താക്കൂര്‍ പറയുന്നു.
കയിരാന മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എയായ നാഹിദ് ഹസനായിരുന്നു എസ്.പി സ്ഥാനാര്‍ത്ഥികളില്‍ ആദ്യമായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ ഗുണ്ടാ നിയമം ചുമത്തി യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാന്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്നും പൊലീസ് അനുമതിയും നേടിയിരുന്നു.
നാഹിദ് ഹസന്‍
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുള്ള അസം ശനിയാഴ്ചയായിരുന്നു പുറത്തിറങ്ങിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നതനായ നേതാവായ അസം ഇത്തവണ ജയിച്ചുകേറാമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
അതേസമയം, അഖിലേഷ് യാദവ് തന്റെ ക്യാമ്പിന്റെ ശക്തി ദിനംപ്രതി വര്‍ധിപ്പിക്കുകയാണ്. ഞായറാഴ്ച ബി.ജെ.പി വിട്ട മൂന്നാമത് മന്ത്രിയായ ധാരാ സിംഗ് ചൗഹാന്‍ ഔദ്യോഗികമായി എസ്.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പിയുമായി സഖ്യത്തിലുണ്ടായിരുന്ന അപ്നാ ദള്‍ എം.എല്‍.എയായ ആര്‍.കെ വര്‍മയും എസ്.പി പാളയത്തിലെത്തിയിരുന്നു.
എന്നാല്‍, ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ് രാവണുമായി എസ്.പി സഖ്യത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും അവസാനം അവര്‍ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പാര്‍ട്ടിക്ക് ദളിതരോട് അവഗണനയാണെന്ന് പറഞ്ഞായിരുന്നു ചന്ദ്രശേഖര്‍ ആസാദ് സഖ്യത്തില്‍ നിന്നും പിന്‍മാറിയത്.
ഭീം ആര്‍മിക്ക് വേണ്ടി തന്റെ മുന്നണിയില്‍ രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ സഖ്യം പിന്‍വലിക്കുകയുമായിരുന്നു എന്നാണ് അഖിലേഷ് പറയുന്നത്.
‘ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു,’ അഖിലേഷ് പറയുന്നു.
യോഗി മന്ത്രിസഭയിലെ പ്രബലനായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതോടെയായിരുന്നു ബി.ജെ.പിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.
യോഗി സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെയും ദളിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചിരുന്നു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഇതിന് പിന്നാലെയായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള പരിസ്ഥിതി-വനംവകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാന്‍ രാജിവെച്ചത്. ചൗഹാന് പിന്നാലെ യു.പി മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ധരംസിംഗ് സെയ്നിയും പാര്‍ട്ടി വിട്ടിരുന്നു. ഇരുവരും നേരത്തെ എസ്.പിയില്‍ ചേരുകയും ചെയ്തിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന ആരോപണത്തില്‍ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: SP Candidate List Starts With 1 In Jail, Ends With 1 On Bail, Jabs Anurag Thakur