എസ്.പി- ബി.എസ്.പി സഖ്യം; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും: ലക്ഷ്യം ബി.ജെ.പിയെ തുരത്തുക
national news
എസ്.പി- ബി.എസ്.പി സഖ്യം; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും: ലക്ഷ്യം ബി.ജെ.പിയെ തുരത്തുക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 7:49 am

ന്യൂദല്‍ഹി:വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലെ എസ്.പി- ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. 2014 ല്‍ ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യം. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാകും പ്രഖ്യാപനം.

ഇന്ന് ഉച്ചക്ക്വിലക്‌നൗവില്‍ വിളിച്ച് ചേര്‍ക്കുന്ന മായാവതിയുടെയും അഖിലേഷിന്റെയും സംയുകത വാര്‍ത്താസമ്മേളനത്തില്‍ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. 37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും സീറ്റ് സംബന്ധിച്ച ധാരണയില്‍ എത്തിയിരുന്നു.

Read Also : ഇനി സി.ബി.ഐക്കെതിരെ ആര് അന്വേഷണം നടത്തും; സി.ബി.ഐയിലെ അനിശ്ചിതത്വത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റില്‍ സഖ്യത്തിന് ഒപ്പം ചേരാനിടയുള്ള നിഷാദ് പാര്‍ട്ടിയും ആര്‍.എല്‍.ഡിയും മത്സരിച്ചേക്കും. എന്നാല്‍ സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഇനിയും തീരുമാനം എടുത്തിട്ടില്ല.

ഗോരഖ്പുര്‍ അടക്കം കഴിഞ്ഞ വര്‍ഷം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഇതോടെയാണ് സഖ്യ ചര്‍ച്ചകള്‍ സജീവമായത്. സഖ്യം സാധ്യമായാല്‍ വര്‍ഷങ്ങളായുള്ള ഇരുപാര്‍ട്ടികളുടെയും ശത്രുതക്കാണ് അന്ത്യമാകുന്നത്.

അതേസമയം നിലനില്‍പ്പിനായുള്ള ശ്രമമാണ് എസ്.പിയും ബി.എസ്.പിയും നടത്തുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ആളുകള്‍ സത്യം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

2014ല്‍ 80ല്‍ 73 സീറ്റും നേടി ബി.ജെ.പി വിജയക്കൊടി പാറിച്ച സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മോദിയുടെ പ്രധാനമന്ത്രിപദത്തിലേക്കും ബി.ജെ.പിയുടെ അധികാരത്തിലേക്കുമുള്ള ചുവട് വെപ്പിന് നിര്‍ണ്ണായകമായത് ഈ വിജയമായിരുന്നു.