ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പര നടക്കാനിരിക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമടങ്ങുന്ന പരമ്പരയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുക. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
ഇതോടെ 16 അംഗ താരങ്ങല്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു. പുതുമുഖങ്ങളായ ആകാശ് ദീപിനും യാഷ് ദയാലിനും ടീമില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ആകാശിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി.
ബംഗാള്‍ ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് ഒരു നല്ല ബൗളറാണെന്നും ഭാവിയില്‍ ശ്രദ്ധിക്കേണ്ട താരമാണെന്നുമാണ് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി പറയുന്നത്. മാത്രമല്ല മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും പോലെ മികച്ച വേഗതയില്‍ പന്തെറിയാനുള്ള കഴിവ് 27കാരനുണ്ടെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
‘ആകാശ് ദീപ് ഒരു ക്ലാസ് പേസ് ബൗളറാണ്. ദീര്‍ഘനേരം വേഗത്തില്‍ പന്തെറിയാന്‍ അവന് കഴിയും. അവന്‍ ഫിറ്റാണ്, ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി വിക്കറ്റ് വീഴ്ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുഹമ്മദ് സിറാജിനെയും മുഹമ്മദ് ഷമിയെയും പോലെ 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ അദ്ദേഹത്തിന് കഴിയും. ആകാശിനെ ശ്രദ്ധിക്കേണ്ടതുണ്ട്,’ കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിയില്‍ സൗരവ് ഗാംഗുലി പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്നിങ്‌സില്‍ നിന്നും 83 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. താരത്തിന്റെ മികച്ച ബൗളിങ് പ്രകടനവും ഇത് തന്നെയായിരുന്നു. മാത്രമല്ല ഐ.പി.എല്ലില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 319 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2022ല്‍ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം 2024ല്‍ മുംബൈക്ക് വേണ്ടിയാണ് അവസാനമായി കളിച്ചത്.