മലയാള സിനിമയില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഛായാഗ്രഹകനാണ് ഷാജി കുമാര്‍. വിനയന്‍, ഷാജി കൈലാസ്, ജോഷി, വൈശാഖ്, അനില്‍ ബാബു തുടങ്ങി നിരവധി മികച്ച സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച ആള്‍ കൂടിയാണ് അദ്ദേഹം.
മോഹന്‍ലാലിന്റെ സിനിമകളായ പുലിമുരുകന്‍, നരന്‍, ബാബ കല്യാണി, റെഡ് ചില്ലീസ്, ഒടിയന്‍, ഇട്ടിമാണി; മെയ്ഡ് ഇന്‍ ചൈന എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചതും ഷാജി കുമാര്‍ തന്നെയാണ്.
ഇപ്പോള്‍ അദ്ദേഹം പ്രവര്‍ത്തിച്ച് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തുടരും. മോഹന്‍ലാല്‍ നായകനായ ഈ സിനിമ സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭന – മോഹന്‍ലാല്‍ കോമ്പോ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇപ്പോള്‍ തുടരും സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഷാജി കുമാര്‍. സിനിമയില്‍ മോഹന്‍ലാലിലൂടെയും ശോഭനയിലൂടെയും കാണുന്നത് നമ്മള്‍ യാത്രയിലും പുറത്തും കണ്ടിട്ടുള്ള സിറ്റുവേഷനാണെന്നാണ് അദ്ദേഹം പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.
‘നമ്മള്‍ യാത്രയിലും പുറത്തും ഒരുപാട് കണ്ടിട്ടുള്ള സിറ്റുവേഷനാണ് തുടരും എന്ന സിനിമയില്‍ ലാലേട്ടനിലൂടെയും ശോഭനയിലൂടെയും കാണുന്നത്. ആ കഥാപാത്രങ്ങളിലൂടെ നമുക്ക് പരിചിതമായ കുറേ കാര്യങ്ങള്‍ കാണാന്‍ സാധിക്കും.
എന്നാല്‍ അവരുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കുന്ന കാര്യങ്ങളല്ല അതൊന്നും. അവര്‍ സെലിബ്രിറ്റികളാണല്ലോ. ഓപ്പണായ സ്ഥലങ്ങളില്‍ കൂടുതലും പോകുന്നവരല്ലല്ലോ അവര്‍. ആളുകളെ അവര്‍ക്ക് അധികം ഒബ്‌സെര്‍വ് ചെയ്യാനൊന്നും പറ്റില്ല.
ലൊക്കേഷനില്‍ വരുന്ന ആളുകളെ കണ്ടിട്ടോ യാത്ര ചെയ്യുമ്പോള്‍ കാറിന്റെ ഗ്ലാസിലൂടെ കണ്ടിട്ടുള്ളതോ ആയ ഒബ്‌സെര്‍വേഷനാണ് അവര്‍ക്കുള്ളത്. അവിടെ നിന്നാണ് അവര്‍ അത്രയും താഴേക്ക് ഇറങ്ങി വരുന്നത്,’ ഷാജി കുമാര്‍ പറയുന്നു.
Content Highlight: Shaji Kumar Talks About Mohanlal, Shobana And Thudarum Movie